ദോഹ മതാന്തര സംവാദസമ്മേളനം സമാപിച്ചു
ഖത്തറിന് പുറമെ 66 രാജ്യങ്ങളില്‍ നിന്നുള്ള 250 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്...
പതിമൂന്നാമത് അന്താരാഷ്ട്ര മതാന്തര സമ്മേളനം ദോഹയില്‍ സമാപിച്ചു. ഖത്തറിന് പുറമെ 66 രാജ്യങ്ങളില്‍ നിന്നുള്ള 250 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മതങ്ങളും മനുഷ്യാവകാശവും എന്ന പ്രമേയത്തെ അധികരിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഡിഐസിഐഡി ദോഹയില്‍ വേദിയൊരുക്കിയത്.
വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദം ഉറപ്പുവരുത്തുന്നതിനായി ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയിത്ത് ഡയലോഗ് സംഘടിപ്പിച്ച പതിമൂന്നാമത് സമ്മേളനമാണ് രണ്ട് ദിവസമായി ദോഹയില്‍ നടന്നത്. പ്രധാനമായും 4 പ്ലീനറി സെഷനുകളും വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കായി 12 സമാന്തര സെഷനുകളുമാണ് സമ്മേളനത്തിന്റെ ഉള്ളടക്കം. ഇതിനു പുറമെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഉദ്ഘാടനം സമാപന സെഷനുകളും ശ്രദ്ധേയമായി മതാന്തര സംവാദത്തിനുള്ള തുറന്ന വേദിയായി ദോഹ സമ്മേളനങ്ങള്‍ മാറിയതായി ഡിഐസിഐഡി ഡയരക്ടര്‍ ഡോക്ടര്‍ ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നഈമി പറഞ്ഞു സമ്മേളന പ്രതിനിധികളുടെ വൈവിധ്യമാണ് ഇതിന് പ്രധാന കാരണം.
ബുദ്ധിപരമായ ചര്‍ച്ചകള്‍ക്ക് മാത്രമല്ല വിവിധ മതസമൂഹങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ക്കിടയിലെ സ്‌നേഹോഷ്മളമായ സൗഹൃദങ്ങള്‍ക്കും ഇത്തരം സംവാദവേദികള്‍ അനിവാര്യമാണെന്ന് ഇറ്റാലിന്‍ എഴുത്തുകാരിയും തവാസുല്‍ യൂറോപ്പ് ഡയരക്ടറുമായ സെബ്രിന ലെയ് പറഞ്ഞു.
രണ്ട് ദിവസത്തെ സമ്മേളനത്തിനിടെ നടന്ന ചര്‍ച്ചകളിലൂടെ മത മൂല്യങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്ക് നല്‍കുന്ന പ്രധാന്യം ഊന്നിപ്പറഞ്ഞാണ് മതാന്തര സംവാദ വേദിയുടെ 13 ാമത് സെഷന്‍ പിരിഞ്ഞത്.