കുവൈത്തിൽ ഇറാന്റെ വ്യാപക ഡ്രോൺ ആക്രമണം; ലക്ഷ്യമിട്ടത് തന്ത്രപ്രധാന സ്ഥാപനങ്ങൾ
ആക്രമണമുണ്ടായത് മിനിസ്ട്രീസ് കോംപ്ലക്‌സ്, പ്രധാന എണ്ണ-വൈദ്യുതി നിലയങ്ങളിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായി വീണ്ടും ഇറാൻ ആക്രമണങ്ങൾ. രാജ്യത്തെ പ്രധാന തന്ത്രപ്രധാന സ്ഥാപനങ്ങളായ മിനിസ്ട്രീസ് കോംപ്ലക്‌സ്, പവർ പ്ലാന്റുകൾ, ജലശുദ്ധീകരണ കേന്ദ്രങ്ങൾ, ഷുവൈഖിലെ എണ്ണ കെട്ടിടങ്ങൾ എന്നിവക്ക് നേരെയാണ് ആക്രമണങ്ങൾ ഉണ്ടായത്. എന്നാൽ ഒരിടത്തും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.
സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഇന്നും നാളെയും മിനിസ്ട്രീസ് കോംപ്ലക്സിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സന്ദർശകർക്ക് ഇന്ന് കോംപ്ലക്സിൽ പ്രവേശനമുണ്ടായിരിക്കില്ല. ഷുവൈഖിലെ എണ്ണ മേഖലയിലുണ്ടായ ആക്രമണത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ കെട്ടിടത്തിൽ നിന്ന് മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
രാജ്യത്തെ രണ്ട് പ്രധാന വൈദ്യുതി-ജല വിതരണ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും രണ്ട് പവർ ജനറേറ്ററുകൾ പ്രവർത്തനരഹിതമാവുകയും ചെയ്തു. വൈദ്യുതി, ജല വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ സാങ്കേതിക വിദഗ്ധർ 24 മണിക്കൂറും പ്രവർത്തിച്ചു വരികയാണെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയ വക്താവ് ഫാത്തിമ ജവഹർ ഹയാത്ത് പറഞ്ഞു. അതേസമയം, രാജ്യസുരക്ഷ ഉറപ്പാക്കാൻ സേന ജാഗ്രതയോടെ തുടരുന്നതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മണിക്കൂറുകളിലായി കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ ഉപസ്ഥാപനങ്ങളായ കെ.എൻ.പി.സി, പി.ഐ.സി എന്നിവയ്ക്കു നേരെയും ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് വിവിധ ഭാഗങ്ങളിൽ തീപിടുത്തവും നാശനഷ്ടങ്ങളും ഉണ്ടായതായി അധികൃതർ അറിയിച്ചു. അടിയന്തര സംഘങ്ങളും അഗ്നിശമന സംഘങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.