ഗോവയിലേക്കും മധുരയിലേക്കും സർവീസുകൾ; ദമ്മാം വഴി ഇന്ത്യയിലേക്ക് പുതിയ സർവീസുകളുമായി ജസീറ എയർവേയ്സ്
ജസീറ എയർവേയ്സ് സർവീസുകൾ നടത്തുന്ന ഇന്ത്യൻ നഗരങ്ങളുടെ എണ്ണം 16 ആയി ഉയർന്നു
ദമ്മാം: ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കുള്ള തങ്ങളുടെ ശൃംഖല വിപുലീകരിച്ച് ജസീറ എയർവേയ്‌സ്. തമിഴ്‌നാട്ടിലെ മധുര, വിനോദസഞ്ചാര കേന്ദ്രമായ ഗോവ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ഇതോടെ കുവൈത്തിൽ നിന്നും സൗദിയിലെ ദമ്മാം വഴി ജസീറ എയർവേയ്‌സ് സർവീസ് നടത്തുന്ന ഇന്ത്യൻ നഗരങ്ങളുടെ എണ്ണം 16 ആയി ഉയർന്നു.
നിലവിലെ പ്രവർത്തനപരമായ പരിമിതികൾ കണക്കിലെടുത്ത്, സൗദി അറേബ്യയിലെ ദമ്മാം വഴിയുള്ള 'ഡ്യുവൽ ബേസ്' സംവിധാനത്തിലൂടെയാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഇത് ഉറപ്പാക്കും. ജസീറ എയർവേയ്‌സിന്റെ 'പ്രൊജക്ട് വന്ദേ ഭാരത്' പദ്ധതിയുടെ ഭാഗമായാണ് ഈ വിപുലീകരണം. ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം മുമ്പത്തേക്കാൾ ഇരട്ടിയാക്കാൻ ഇതിലൂടെ സാധിച്ചുവെന്ന് ജസീറ എയർവേയ്‌സ് സി.ഇ.ഒ ഭരതൻ പശുപതി പറഞ്ഞു.
കുവൈത്തിലെ വലിയൊരു വിഭാഗം വരുന്ന പ്രവാസികൾക്കും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഈ സർവീസുകൾ വലിയ ആശ്വാസമാകും. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര-തൊഴിൽ ബന്ധം ശക്തിപ്പെടുത്താനും പുതിയ റൂട്ടുകൾ സഹായിക്കും. ജസീറ എയർവേയ്‌സിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഏറ്റവും തന്ത്രപ്രധാനമായ വിപണിയാണെന്നും, വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും വിശ്വസനീയമായ യാത്രാസൗകര്യം ഒരുക്കുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.