യുദ്ധ സാഹചര്യം മുതലെടുക്കുന്നു; പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ

നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് നടത്തുന്നത് സ്‌പെഷ്യൽ സർവീസ്

Update: 2026-04-01 14:22 GMT

റിയാദ്: യുദ്ധ സാഹചര്യം മുതലെടുത്ത് സൗദിയിൽ നിന്നുള്ള പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ. ഈ മാസം പതിനെട്ടിന് വിസാ കാലാവധി അവസാനിക്കാനിരിക്കെ കുത്തനെയാണ് വിമാനകമ്പനികൾ നിരക്ക് കൂട്ടിയത്. ഇന്ത്യൻ കമ്പനികൾ സാധാരണ സർവീസുകൾ റദ്ദാക്കി സ്‌പെഷ്യൽ സർവീസുകളാണ് നിലവിൽ നടത്തുന്നത്. ഇത്തരം സർവീസുകൾക്ക് കൊള്ള നിരക്കാണ് കമ്പനികൾ ഈടാക്കുന്നത്.

യുദ്ധ സാഹചര്യവുമായി ബന്ധപ്പെട്ട് സൗദി പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വിമാന യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങൾ. നിലവിൽ സൗദിയുടെ എയർലൈനുകൾ കേരളത്തിലേക്ക് സേവനം നൽകുന്നുണ്ടെങ്കിലും വലിയ തുകയാണ് ടിക്കറ്റിനായി നൽകേണ്ടി വരുന്നത്. തുക നൽകാൻ തയ്യാറാണെങ്കിലും പലപ്പോഴും ആവശ്യത്തിന് ടിക്കറ്റുകൾ ലഭ്യമല്ലാത്ത സാഹചര്യവുമുണ്ട്.

Advertising
Advertising

യുദ്ധം ആരംഭിച്ചത് മുതൽ നിർത്തിവെച്ച എയർ ഇന്ത്യ എക്സ്പ്രസ്സ് അടക്കമുള്ള ഇന്ത്യൻ കമ്പനികൾ സാധാരണ സേവനം ഇത് വരെ ആരംഭിച്ചിട്ടില്ല. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് നൽകുന്നത് സ്‌പെഷ്യൽ സർവീസുകളാണ്. അതായത് ചാർട്ടേഡ് സർവീസുകളാണ് ഇപ്പോൾ നൽകുന്നത്. ഇവക്കാണെങ്കിൽ ശരാശരി 3000 മുതൽ 4000 റിയാൽ വരെയാണ് ടിക്കറ്റ് ചാർജ് ഈടാക്കുന്നത്. ഈ മാസം ആദ്യ ആഴ്ചയിലാണ് ഏറ്റവും കൂടുതൽ നിരക്ക്.

ഈ മാസം പതിനെട്ടിന് വിസാ കാലാവധി അവസാനിക്കാനിരിക്കെയാണ് വിമാനകമ്പനികളുടെ കൊള്ള ലാഭം. സ്‌പെഷ്യൽ സർവീസുകളുടെ പേരിൽ പ്രവാസിയുടെ കഴുത്തിന് പിടിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്. സ്‌പെഷ്യൽ സർവീസുകൾ നടത്താമെങ്കിൽ സാധാരണ സർവീസുകൾ എന്ത് കൊണ്ട് നടത്തുന്നില്ല എന്നാണ് പ്രവാസികൾ ചോദിക്കുന്നത്. .വിമാന കമ്പനികൾ അറിയിക്കുന്നത് ഇന്ധന വിലയടക്കമുള്ള ചെലവുകൾ വർധിച്ചതാണ് ടിക്കറ്റ് നിരക്ക് വർധിക്കാനുള്ള കാരണമെന്നാണ്. ഈ മാസം 18 ന് മുൻപായി ഉംറ വിസക്കാരടക്കമുള്ളവർക്ക് രാജ്യം വിടേണ്ടതുണ്ട്. ഷെഡ്യൂൾ ചെയ്ത ഫ്‌ളൈറ്റുകൾ പലതും അവസാനഘട്ടത്തിൽ കാൻസൽ ചെയ്യുന്ന സ്ഥിതിയും ഉണ്ടാവുന്നുണ്ട്. അതിനാൽ അവസാന തീയ്യതി വരെ കാത്തു നിൽക്കാതെ പരമാവധി നേരത്തെ തന്നെ രാജ്യം വിടുന്നതായിരിക്കും ഉചിതം. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News