'ഇറാന്റെ ആക്രമണങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല'; സൗദി ആഭ്യന്തര മന്ത്രി

അറബ് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2026-04-01 15:50 GMT

റിയാദ്: അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും പ്രകോപനങ്ങളെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയാത്ത ഇത്തരം നടപടികൾ മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് വ്യക്തമാക്കി. അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെ 43ാമത് സമ്മേളനത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിലിയന്മാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും വെല്ലുവിളിയാകുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

പ്രാദേശിക വെല്ലുവിളികളെ നേരിടാൻ നൂതനമായ സാങ്കേതിക വിദ്യകളും അറിവും ഉപയോഗപ്പെടുത്തി സുരക്ഷാ സംവിധാനങ്ങൾ പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക കാലത്ത് സുരക്ഷ എന്നത് വെറും കാവൽ മാത്രമല്ല, മറിച്ച് ഗവേഷണങ്ങളിലും നവീകരണങ്ങളിലും അധിഷ്ഠിതമായ ഒന്നാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥയിൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങൾക്ക് മാത്രമേ ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സാധിക്കൂ. അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ലഹരിമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവ ലോകമെമ്പാടും വർധിച്ചു വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ആഗോളതലത്തിൽ നടക്കുന്ന മാറ്റങ്ങളും സാങ്കേതിക വളർച്ചയും കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് സിന്തറ്റിക് ഡ്രഗ്സുകളുടെ വ്യാപനവും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പണം വെളുപ്പിക്കലും വലിയ വെല്ലുവിളിയാണ്. ഇത്തരം സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നീങ്ങണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News