സംഘർഷങ്ങൾക്കിടെ ഖത്തർ അമീറുമായി ചർച്ച നടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി

Update: 2026-04-04 19:36 GMT

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുമായി കൂടിക്കാഴ്ച നടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. പ്രതിരോധ, ഊർജ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് മെലോനി ഖത്തറിലെത്തിയത്.

ഊർജ, പ്രതിരോധ മേഖലകളിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മെലോനിയുടെ സന്ദർശനം. മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും രാഷ്ട്രീയ, നയതന്ത്ര നീക്കങ്ങൾ ശക്തമാകേണ്ടതുണ്ടെന്ന് ഇരു നേതാക്കളും വിലയിരുത്തി. ഇറാന്റെ ആക്രമണത്തിൽ മെലോനി ഖത്തറിന് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു. ലുസൈൽ പാലസിലായിരുന്നു അമീർ - മെലോനി കൂടിക്കാഴ്ച.

Advertising
Advertising

ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ഖത്തറിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ പൂർവസ്ഥിതിയിലാക്കാൻ മെലോനി ഇറ്റലിയുടെ വ്യാവസായിക പിന്തുണ വാഗ്ദാനം ചെയ്തു. ആഗോള ഊർജ സുരക്ഷയുടെ അടിസ്ഥാന കേന്ദ്രങ്ങളാണ് ഇവയെന്ന് മെലോനി പറഞ്ഞു. യുഎസ് - ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ജി20 കൂട്ടായ്മയിൽ നിന്ന് ഗൾഫ് മേഖലയിലെത്തുന്ന ആദ്യത്തെ രാഷ്ട്ര നേതാവാണ് ജോർജിയ മെലോനി.

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രിയെയും സംഘത്തെയും വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് അൽ ഖുലൈഫിയും ഖത്തറിലെ ഇറ്റലി അംബാസഡർ പൗലോ തോഷിയും ചേർന്ന് സ്വീകരിച്ചു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News