Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധിക്കുന്ന ഇസ്രായേൽ പാർലമെന്റ് പാസാക്കിയ വിവാദ നിയമത്തെ അപലപിച്ച് സൗദി ഉൾപ്പടെ എട്ട് രാജ്യങ്ങൾ. സൗദി, യു.എ.ഇ, ഖത്തർ, ജോർദാൻ, തുർക്കി, പാകിസ്താൻ, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് നിയമത്തെ എതിർത്ത് രംഗത്തെത്തിയത്. ഇസ്രായേൽ പാർലമെന്റായ നെസെറ്റ് പാസാക്കിയ ഈ നിയമം മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ഫലസ്തീൻ ജനതയുടെ നിലനിൽപ്പിനെത്തന്നെ നിഷേധിക്കുന്ന ശത്രുതാപരമായ നീക്കങ്ങളാണ് ഇസ്രായേൽ നടപ്പിലാക്കുന്നതെന്ന് വിദേശകാര്യ മന്തിമാർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇസ്രായേൽ ജയിലുകളിൽ ഫലസ്തീൻ തടവുകാർ അനുഭവിക്കുന്ന ഭയാനകമായ അവസ്ഥയിൽ മന്ത്രിമാർ ഉത്കണ്ഠ രേഖപ്പെടുത്തി. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ തുടരുന്ന വിവേചനപരമായ നിയമങ്ങളും നടപടികളും അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ ആവർത്തിച്ചു.