ഇറാൻ ആക്രമണം; നഷ്ടപരിഹാരം വേണമെന്ന് ഖത്തർ

ഐക്യരാഷ്ട്ര സഭയിലാണ് ഖത്തർ ആവശ്യം ഉന്നയിച്ചത്

Update: 2026-04-02 16:52 GMT

ദോഹ: ഇറാൻ ആക്രമണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തർ. ഐക്യരാഷ്ട്ര സഭയിലാണ് ഖത്തർ ആവശ്യം ഉന്നയിച്ചത്. ഇറാന്റേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ഖത്തർ കുറ്റപ്പെടുത്തി. ഇറാൻ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസിനും യുഎൻ രക്ഷാസമിതിക്കും നൽകിയ കത്തിലാണ് ഖത്തറിന്റെ ആവശ്യം. ഇറാന്റെ ആക്രമണം രക്ഷാ സമിതിയുടെ പ്രമേയങ്ങൾക്കും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കും എതിരാണ്. നാശനഷ്ടങ്ങൾ വിലയിരുത്താൻ അന്താരാഷ്ട്ര സമിതി രൂപവൽക്കരിക്കണം. നഷ്ടപരിഹാരം ഉറപ്പാക്കുകയും വേണം. സമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഐക്യരാഷ്ട്ര സഭ നിറവേറ്റണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

Advertising
Advertising

മാർച്ച് 28 മുതൽ തുടർച്ചയായ ദിവസങ്ങളിൽ ഇറാൻ ഖത്തറിനെ ആക്രമിച്ചു. ഡ്രോൺ, ക്രൂയിസ് മിസൈൽ ആക്രമണങ്ങളുണ്ടായി. എല്ലാ ആക്രമണങ്ങളെയും സായുധ സേന പ്രതിരോധിച്ചെങ്കിലും ഒരു മിസൈൽ ഖത്തർ എനർജിയുടെ നിയന്ത്രണത്തിലുള്ള അക്വ വൺ എന്ന എണ്ണ ടാങ്കറിൽ പതിച്ചു. അയൽ രാജ്യങ്ങളെ ആക്രമിക്കരുതെന്ന രക്ഷാ സമിതിയുടെ പ്രമേയത്തിന് വില കൽപ്പിക്കാതെയാണ് ഇറാന്റെ കടന്നുകയറ്റമുണ്ടാകുന്നത്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ ജനീവ കൺവൻഷൻ അംഗീകരിച്ച നിയമങ്ങൾക്ക് എതിരാണെന്നും ഖത്തർ ചൂണ്ടിക്കാട്ടി.

യുഎൻ ചാർട്ടറിലെ ആർടിക്കിൽ 51 പ്രകാരം രാജ്യത്തിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏതു നടപടിയും കൈക്കൊള്ളുമെന്നും ഖത്തർ കത്തിൽ വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തിൽ പത്താമത്തെ കത്താണ് ഖത്തർ യുഎന്നിന് കൈമാറിയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News