സംഘർഷങ്ങൾക്കിടെ പ്രതിരോധ സഹകരണ കരാറുകളിൽ ഒപ്പുവച്ച് യുക്രൈനും ഖത്തറും

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച സെലൻസ്‌കി, ഖത്തറിന് ഐക്യദാർഢ്യവും അറിയിച്ചു

Update: 2026-03-28 16:41 GMT

ദോഹ: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ പ്രതിരോധ സഹകരണ കരാറുകളിൽ ഒപ്പുവച്ച് ഖത്തറും യുക്രൈനും. യുക്രൈൻ പ്രസിഡണ്ട് വ്‌ളാദിമിർ സെലൻസ്‌കിയുടെ ദോഹ സന്ദർശന വേളയിലാണ് ഇരുരാഷ്ട്രങ്ങളും തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവച്ചത്. ഖത്തർ രാഷ്ട്രീയ നേതൃത്വവുമായി സെലൻസ്‌കി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിലുള്ള വൈദഗ്ധ്യ കൈമാറ്റം, പ്രതിരോധ നിക്ഷേപം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര കരാറുകളിലാണ് ഇരുരാഷ്ട്രങ്ങളും ഒപ്പുവച്ചത്. ഖത്തർ ഉപപ്രധാനമന്ത്രി ശൈഖ് സൗദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ഹസൻ അൽഥാനി, യുക്രെയ്ൻ ദേശീയ സുരക്ഷാ -പ്രതിരോധ കൗൺസിൽ സെക്രട്ടറി റുസ്തം ഒമെറോവ്, സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ആൻഡ്രി നാറ്റോവ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് കരാറുകളിൽ ധാരണയായത്.

Advertising
Advertising

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി യുക്രൈൻ പ്രസിഡണ്ട് നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ച എന്ന നിലയിലായിരുന്നു സംഭാഷണങ്ങൾ. മേഖലയിലെ പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങൾ ഇരുരാഷ്ട്ര നേതാക്കളും ചർച്ച ചെയ്തു. ഗൾഫ് രാജ്യങ്ങൾക്കു മേലുള്ള ഇറാന്റെ കടന്നുകയറ്റവും യുക്രൈൻ യുദ്ധവും ചർച്ചയായി.

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച സെലൻസ്‌കി, ഖത്തറിന് ഐക്യദാർഢ്യവും അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാൻ ഖത്തർ സ്വീകരിക്കുന്ന നടപടികൾക്ക് സെലൻസ്‌കി പൂർണ്ണ പിന്തുണ നൽകി. ലുസൈൽ പാലസിൽ സെലൻസ്‌കിക്കായി അമീർ ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽഥാനി അടക്കമുള്ളവർ സന്നിഹിതരായിരുന്നു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News