ബിസിനസ് മേഖലയ്ക്ക് കരുത്തേകാൻ ടാക്സ് വെയർഹൗസ് പ്രഖ്യാപിച്ച് ഖത്തർ

നിശ്ചിത കാലത്തേക്ക് നികുതി ഒടുക്കാതെ ഉത്പന്നങ്ങൾ നിർമിക്കാനും സൂക്ഷിക്കാനും അവസരം നൽകുന്നതാണ് ഈ സേവനം

Update: 2026-04-01 16:15 GMT

ദോഹ: രാജ്യത്തെ ബിസിനസ് മേഖലയ്ക്ക് കരുത്തേകാൻ ടാക്സ് വെയർ ഹൗസ് പ്രഖ്യാപിച്ച് ഖത്തർ. നിശ്ചിത കാലത്തേക്ക് നികുതി ഒടുക്കാതെ ഉത്പന്നങ്ങൾ നിർമിക്കാനും സൂക്ഷിക്കാനും അവസരം നൽകുന്നതാണ് ഈ സേവനം. ജനറൽ ടാക്സ് അതോറിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.

സമകാലിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വ്യാപാര മേഖലയ്ക്ക് പിന്തുണ നൽകുക, കമ്പനികളുടെ പണലഭ്യത മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ടാക്സ് വെയർഹൗസ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം, കമ്പനികൾക്ക് എക്സൈസ് തീരുവ അടയ്ക്കാതെ ഉത്പന്നങ്ങൾ നിർമിക്കാനും ഗോഡൗണിൽ സൂക്ഷിക്കാനുമുള്ള അനുമതി ലഭിക്കും. ടാക്സ് സസ്പെൻഷൻ വ്യവസ്ഥയിൽ സൂക്ഷിക്കുന്ന ചരക്കുകൾക്ക് വിപണിയിലേക്ക് എത്തുന്ന വേളയിൽ മാത്രമാണ് നികുതി ബാധകമാകുക.

Advertising
Advertising

തീരുവ അടയ്ക്കുന്നതിൽ ലഭിക്കുന്ന ഇളവ് കമ്പനികളുടെ പണലഭ്യത വർധിപ്പിക്കാൻ ഉപകരിക്കും. നികുതി റീഫണ്ട് നടപടികൾ വേഗത്തിലാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും. അംഗീകൃത കസ്റ്റംസ് വെയർഹൗസുകൾ അഡീഷണൽ ലൈസൻസ് ഇല്ലാതെ തന്നെ ടാക്സ് വെയർഹൗസുകളായി പരിഗണിക്കുമെന്ന് ടാക്സ് അതോറിറ്റി വ്യക്തമാക്കി.

വ്യാപാര മേഖലയിൽ പണമൊഴുക്ക് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈയാഴ്ചയുണ്ടാകുന്ന രണ്ടാമത്തെ സുപ്രധാന തീരുമാനമാണിത്. നേരത്തെ, കോർപറേറ്റ് ഇടപാടുകാർക്ക് വായ്പാ, പലിശ തിരിച്ചടവുകൾ മൂന്നു മാസത്തേക്ക് നീട്ടിവയ്ക്കാനുള്ള സാവകാശം ഖത്തർ സെൻട്രൽ ബാങ്ക് അനുവദിച്ചിരുന്നു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News