ഖത്തരി വിദ്യാര്‍ഥികള്‍ക്ക് വിലക്ക്; ഉപരോധരാജ്യങ്ങള്‍ക്കെതിരെ ഖത്തര്‍
പാശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്ന് വിഷയം ഉയര്‍ത്തിക്കൊണ്ട് വരാനാണ് ഖത്തര്‍ നീക്കം.
ഖത്തറിനുമേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം വരുത്തി വെച്ച മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിന് ഐക്യ രാഷ്ട്ര സഭ അടിയന്തരമായി ഇടപെടണമെന്ന് ഖത്തര്‍ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ അലി സുമൈഖ് അല്‍മറി ആവശ്യപ്പെട്ടു . പാശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്ന് വിഷയം ഉയര്‍ത്തിക്കൊണ്ട് വരാനാണ് ഖത്തര്‍ നീക്കം.
ഉപരോധ രാജ്യങ്ങളില്‍ പഠിക്കുകയായിരുന്ന ഖത്തരീകളായ വിദ്യാര്‍ഥികളെ തുടര്‍ പഠനത്തിന് അനുവദിക്കാതെ പറഞ്ഞ് വിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഖത്തര്‍ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ അലി സുമൈഖ് അല്‍മറി ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ അനുഭവിക്കുന്ന മാനസിക പ്രയാസത്തിന് പുറമെ നഷ്ടപ്പെട്ട വര്‍ഷങ്ങളുടെ കണക്കുകളടക്കം രേഖാമൂലമാണ് ഡോ. അല്‍മറി യുഎന്നിന് പരാതി നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നി രാജ്യങ്ങളുടെ യുഎന്നിലെ സ്ഥിരം പ്രതിനിധികളുമായി ഇക്കാര്യം ഉയര്‍ത്തി കൊണ്ട് വരാനുള്ള നീക്കമാണ് ഖത്തര്‍ നടത്തുന്നത്.
രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ട് രാജ്യത്തെ പൊതു ജനങ്ങള്‍ ദുരന്തത്തിലാകുന്നത് അംഗീകരിക്കാനാകില്ല. ഉപരോധം വരുത്തി വെച്ച മനുഷ്യാവകാശ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഐക്യ രാഷ്ട്ര സഭ സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. അല്‍മറി അഭിപ്രായപ്പെട്ടു. ഉപരോധം ആരംഭിച്ചതുമുതല്‍ തന്നെ മനുഷ്യാവകാശലംഘനങ്ങള്‍ തടയണമെന്ന ആവശ്യമാണ് ഖത്തര്‍ പ്രധാനമായി ഉന്നയിച്ചുവരുന്നത്.