15 വര്‍ഷത്തേക്കുള്ള എണ്ണസമ്പത്ത് രാജ്യത്തുണ്ടെന്ന് ഒമാന്‍ എണ്ണ പ്രകൃതി വാതക മന്ത്രാലയം
അടുത്ത 15 വര്‍ഷത്തേക്കുള്ള എണ്ണസമ്പത്ത് രാജ്യത്തുണ്ടെന്ന് ഒമാന്‍ എണ്ണ പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍സെക്രട്ടറി സാലെം നാസര്‍ അല്‍ ഔഫി
അടുത്ത 15 വര്‍ഷത്തേക്കുള്ള എണ്ണസമ്പത്ത് രാജ്യത്തുണ്ടെന്ന് ഒമാന്‍ എണ്ണ പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍സെക്രട്ടറി സാലെം നാസര്‍ അല്‍ ഔഫി. ഒമാന്റെ തന്ത്രപ്രധാനമായ എണ്ണശേഖരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എന്നതോതില്‍ ഉല്‍പാദനം നടത്തിയാല്‍ നിലവിലുള്ള എണ്ണശേഖരം പതിനഞ്ച് വര്‍ഷകാലം വരെ നീണ്ടുനില്‍ക്കുമെന്ന് അല്‍ ഔഫി പറഞ്ഞു.
ഒപെക്ക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം നിലവില്‍ എണ്ണയുല്‍പാദനത്തില്‍ കുറവുവരുത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രതിദിനം 9.7 ലക്ഷം ബാരല്‍ എന്ന തോതിലാണ് എണ്ണയുല്‍പാദനം നടക്കുന്നത്. എണ്ണയുടെ ആവശ്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ മുന്നൂറ് ദശലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഇതനുസരിച്ച് ഒപെക്ക് രാഷ്ട്രങ്ങളുമായി പുതിയ ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
വിതരണവും ആവശ്യവും കണക്കിലെടുത്തുള്ള സംതുലനാവസ്ഥയില്‍ ഉല്‍പാദനത്തെ എത്തിക്കും. എണ്ണവില ഇതോടെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ഔഫി പറഞ്ഞു. പ്രകൃതി വാതകത്തിന്റെ ആദ്യഘട്ട ഉല്‍പാദനം ആഗസ്റ്റില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
അഞ്ഞൂറ് ദശലക്ഷം ക്യുബിക്ക് മീറ്റര്‍ ഗ്യാസാകും ആദ്യഘട്ടത്തില്‍ ഉല്‍പാദിപ്പിക്കുക. രണ്ടാം ഘട്ട ഉല്‍പാദനം ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ആരംഭിക്കും. മൂന്നാം ഘട്ട ഉല്‍പാദനം 2020ഓടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനില്‍ നിന്ന് ഒമാനിലേക്ക് വാതകം ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പൈപ്പ്‌ലൈന്‍ പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ആവശ്യത്തിന് എണ്ണ സമ്പത്ത് ഉണ്ടെങ്കിലും ബദല്‍ ഊര്‍ജ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്.
നിലവിലെ സാങ്കേതിക പുരോഗതി അത്തരം കണ്ടെത്തലിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു. എണ്ണക്ക് ഒപ്പം ബദല്‍ ഊര്‍ജം കൂടിയാകുന്നത് രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് സഹായകരമാകുമെന്നും അല്‍ ഔഫി പറഞ്ഞു.