പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ സ്ഥലം വാങ്ങാന്‍ അനുമതി; നിര്‍ദേശം പരിഗണനയിലെന്ന് ഒമാന്‍ സര്‍ക്കാര്‍
രാജ്യത്തെ പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ വസ്തുക്കള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശം പരിഗണനയിലെന്ന് ഒമാന്‍ സര്‍ക്കാര്‍.
രാജ്യത്തെ പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ വസ്തുക്കള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശം പരിഗണനയിലെന്ന് ഒമാന്‍ സര്‍ക്കാര്‍. ഒമാന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷനാണ് ഇത് സംബന്ധിച്ച അപേക്ഷ ഭവന നിര്‍മാണ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.
നിലവില്‍ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ളക്സുകളില്‍ മാത്രമാണ് പ്രവാസികള്‍ക്ക് വസ്തു സ്വന്തം പേരില്‍ വാങ്ങാന്‍ അനുവാദമുള്ളൂ. സാധാരണക്കാരന് അപ്രാപ്യമായ വിലയാണ് ഇവിടത്തെ വസ്തുക്കള്‍ക്ക് ഉള്ളത്. വിവിധ രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാവുന്ന വിലക്ക് വസ്തുക്കള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കണമെന്ന് കാട്ടിയാണ് ഭവന നിര്‍മാണ ബോര്‍ഡില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് ഭവന നിര്‍മാണ മന്ത്രാലയത്തിലെ പ്ളാനിങ് ആന്‍റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി സിഹാം അല്‍ ഹാര്‍ത്തി പറഞ്ഞു. അനുമതി യാഥാര്‍ഥ്യമാകണമെങ്കില്‍ നിരവധി വകുപ്പുകളുടെ അംഗീകാരം അത്യാവശ്യമാണെന്നും പുതിയ നിയമം നടപ്പാക്കാന്‍ നിശ്ചിത സമയപരിധി നിര്‍ണയിച്ചിട്ടില്ലെന്നും അല്‍ ഹാര്‍ത്തി പറഞ്ഞു.
ഇന്‍റഗ്രേറ്റഡ് ടൂറിസം കോംപ്ളക്സുകള്‍ക്ക് പുറമെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വീടുകള്‍ സ്വന്തമാക്കാന്‍ സാധ്യമാകുന്ന സ്പെഷ്യല്‍ സോണുകള്‍ക്ക് രൂപം നല്‍കേണ്ടതുണ്ടെന്ന് ഒമാന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ഹസന്‍ ജുമാ പറഞ്ഞു. ഊഹ കച്ചവടക്കാര്‍ക്കല്ല മറിച്ച് ശരിയായ ആവശ്യക്കാര്‍ക്കാണ് വസ്തു നല്‍കേണ്ടത്. ഇങ്ങനെ വസ്തുക്കള്‍ സ്വന്തമാക്കുന്നവര്‍ രാജ്യത്ത് ഇടക്കിടെ സന്ദര്‍ശനം നടത്തും. ഇത് സമ്പദ്ഘടനക്കും റിയല്‍ എസ്റ്റേറ്റ് മേഖലക്കും ഉണര്‍വേകുമെന്നും പ്രവാസികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ നല്ലൊരു പങ്കും രാജ്യത്തിനകത്ത് തന്നെ ചെലവഴിക്കപ്പെടാന്‍ ഇതുവഴി സാധ്യമാകുമെന്നും ഹസന്‍ജുമാ കൂട്ടിച്ചേര്‍ത്തു.