ആറ് ഗള്‍ഫ് രാജ്യങ്ങളിലും ബലിപെരുന്നാള്‍
ഹാദിയക്കും റോഹിങ്ക്യന്‍ സമൂഹത്തിനും ഐക്യദാര്‍ഢ്യം
ത്യാഗസ്മരണയില്‍ ഗള്‍ഫിലെ ഇസ്‍ലാം മതവിശ്വാസികളും ബലി പെരുന്നാള്‍ ആഘോഷിച്ചു. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്നായിരുന്നു വലിയപെരുന്നാള്‍. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്കും യാതന അനുഭവിക്കുന്ന റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു മലയാളി ഈദ്ഗാഹുകളിലെ ഖുത്തുബകള്‍.രാവിലെ മുതല്‍ പള്ളികളും ഈദ്ഗാഹുകളും തഖ്ബീര്‍ ധ്വനികളാല്‍ മുഖരിതമായി. വിശ്വാസത്തിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയും പീഡിപ്പിക്കപ്പെടുന്ന റോഹിങ്ക്യന്‍ മുസ്‍ലിംകളും ആള്‍കൂട്ടത്തിന്റെ മര്‍ദനമേല്‍ക്കുന്ന മതപ്രബോധകരും വര്‍ത്തമാന വിശ്വാസി സമൂഹം നേരിടുന്ന പരീക്ഷണങ്ങളാണെന്ന് ദുബൈ അല്‍മനാര്‍ സെന്ററില്‍ പെരുന്നാള്‍ ഖുത്തുബ നിര്‍വഹിച്ച ഡോ. എം ഐ അബ്ദുല്‍ മജീദ് സ്വലാഹി പറഞ്ഞു.
ഷാര്‍ജയിലെ മലയാളി ഈദ്ഗാഹിന് ഹുസൈന്‍ സലഫി നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ ഈദ്ഗാഹുകളിലെത്തി. പരസ്പരം ഈദ് ആശംസകള്‍ കൈമാറി.വിശ്വാസി സമൂഹം നേരിടുന്ന പരീക്ഷണങ്ങളെ സഹനത്തിന്റെ പാതയില്‍ നേരിടണമെന്ന സന്ദേശം നല്‍കിയാണ് ഈദുല്‍ അദ്ഹ കടന്നുപോകുന്നത്.