ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമാണെന്ന് തെളിഞ്ഞതായി ഖത്തര്‍ അമീര്‍

Update: 2018-05-09 02:59 GMT
Editor : Jaisy
ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമാണെന്ന് തെളിഞ്ഞതായി ഖത്തര്‍ അമീര്‍
Advertising

മേഖലയുടെ സുരക്ഷാ- സാമ്പത്തിക കാഴ്ചപ്പാടുകളെ പ്രതിസന്ധി ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു

സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായി നടത്തിയ ഉപരോധം നിഷ്ഫലമാണെന്ന് തെളിഞ്ഞതായി ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി പറഞ്ഞു. മേഖലയുടെ സുരക്ഷാ- സാമ്പത്തിക കാഴ്ചപ്പാടുകളെ പ്രതിസന്ധി ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ നടക്കുന്ന 54 ാമത് സുരക്ഷാ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അമീര്‍ .

സുരക്ഷാ സഹകരണ രംഗത്ത് യൂറോപ്പ്യന്‍ യൂണിയനെയാണ് മാതൃകയാക്കേണ്ടതെന്നു പറഞ്ഞ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പുരോഗതിക്കും പുനരുത്ഥാനത്തിനും യൂറോപ്പ്യന്‍ യൂണിയന്‍ മികച്ച മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ചു. മാസങ്ങളായി ഖത്തറിനെതിരെ തുടരുന്ന ഉപരോധത്തിലൂടെ യാതൊരുഫലവും ഉപരോധ രാജ്യങ്ങള്‍ക്ക് നേടാനായിട്ടില്ലെന്നാണ് ഉപരോധം 8 മാസം പിന്നിടുമ്പോള്‍ തെളിയുന്നതെന്നും അദ്ധേഹം പറഞ്ഞു. നീണ്ടു പോകുന്ന പ്രതിസന്ധി മേഖലയുടെ സുരക്ഷയെയും സാമ്പത്തിക കാഴ്ചപ്പാടിനെയും ദുര്‍ബലപ്പെടുത്തുന്നതായും അമീര്‍ വിലയിരുത്തി. 54 ാമത് മ്യൂണിച്ച് സുരക്ഷാസമ്മേളനത്തെ അഭിമുഖീകരിച്ച് സംസാരിക്കവെയാണ് ഖത്തര്‍ അമീര്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. തങ്ങള്‍ക്ക് മേല്‍ അയല്‍ക്കാരേര്‍പ്പെടുത്തിയ അന്യായമായ ഉപരോധത്തെ നിര്‍വ്വീര്യമാക്കിയതിലൂടെ ഖത്തര്‍ അതിന്റെ പരമാധികാരമാണ് പരിപാലിക്കുന്നതെന്നും അമീര്‍ പറഞ്ഞു. രാജ്യം നേരിടുന്ന നിരര്‍ത്ഥകമായ ഉപരോധത്തെ തങ്ങള്‍ സ്വയം പര്യാപ്തതയിലൂടെയും രാജ്യാന്തര വ്യാപാരം വികസിപ്പിച്ചും സാമ്പത്തിക വൈവിധ്യം ത്വരിതപ്പെടുത്തിയുമാണ് അതിജീവിക്കുന്നതെന്നും അമീര്‍ പറഞ്ഞു .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News