പശ്ചിമേഷ്യയിലെ യുദ്ധം ഉടൻ നിർത്തണം: ഖത്തർ പ്രധാനമന്ത്രി

'മേഖലയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഇസ്രായേലാണ് യുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്'

Update: 2026-03-19 17:36 GMT

ദോഹ: പശ്ചിമേഷ്യയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽഥാനി. ഈ യുദ്ധത്തിന്റെ പ്രധാന ഗുണഭോക്താവ് ഇസ്രായേലാണ്. മേഖലയിലെ രാജ്യങ്ങൾക്കെതിരെ നീതീകരിക്കാൻ കഴിയാത്ത ആക്രമണങ്ങളാണ് ഇറാൻ നടത്തുന്നതെന്നും ഖത്തർ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തുർക്കിഷ് വിദേശകാര്യമന്ത്രി ഹാകാൻ ഫിദാനൊപ്പം അമീരി ദിവാനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് യുദ്ധം അടിയന്തരമായി നിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഖത്തർ പ്രധാനമന്ത്രി സംസാരിച്ചത്. മേഖലയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഇസ്രായേലാണ് യുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് എന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

Advertising
Advertising

യുഎസ് താവളങ്ങളെ മാത്രമല്ല, സിവിലിയൻ, ഊർജ അടിസ്ഥാന സൗകര്യങ്ങളെ കൂടി ഇറാൻ ആക്രമിച്ചെന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഊർജ കേന്ദ്രങ്ങൾക്കെതിരെയുള്ള ആക്രമണം ആഗോളതലത്തിൽ വലിയ ആഘാതം ഉണ്ടാക്കും. റാസ് ലഫാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ആളപായമില്ല. ഖത്തർ ജനതയുടെ ജീവനോപാധിക്കു മേലാണ് ആക്രമണമുണ്ടായത്. ഇറാനിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും എന്നാൽ അവിടത്തെ ജനതയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാൻ യുഎസുമായും ഇറാനുമായും തങ്ങൾ ചർച്ച നടത്തുന്നുണ്ടെന്ന് തുർക്കി വിദേശകാര്യ മന്ത്രി വെളിപ്പെടുത്തി. ഖത്തർ അടക്കം മേഖലയിലെ രാഷ്ട്രങ്ങൾക്കെതിരെ നടക്കുന്ന യുദ്ധം അംഗീകരിക്കാനാകില്ല. ഇസ്രായേലാണ് യുദ്ധത്തിന്റെ പ്രധാന ഗുണഭോക്താവ് എങ്കിലും അയൽരാജ്യങ്ങളെ ആക്രമിക്കാതിരിക്കാൻ ഇറാന് ചരിത്രപരമായ ബാധ്യതയുണ്ടെന്നും ഹാകാൻ ഫിദാൻ ചൂണ്ടിക്കാട്ടി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News