എ.ടി. അബ്ദുൽ മജീദ്, അൽ ജസീറയുടെ ഒന്നാം നമ്പർ

അൽ ജസീറ ആരംഭിക്കുന്നതിന്​ മുമ്പേ ജീവനക്കാരനാണ്​ ഈ വടക്കാങ്ങര സ്വദേശി

Update: 2026-10-31 19:28 GMT
Editor : Rafeeq MM | By : Abbas Muhammad


ദോഹ: ഇന്ന് ആഗോള മാധ്യമമേഖലയിൽ മേൽവിലാസം ആവശ്യമില്ലാത്ത വാർത്താചാനലാണ് അൽ ജസീറ. എന്നാൽ ഒരു വാടകവീട്ടിൽ നിന്ന് അധികമാരുമറിയാതെ തുടങ്ങിയ അൽ ജസീറക്ക്​ മേൽവിലാസമുണ്ടാക്കിയ ഒരു മലയാളിയുണ്ടിവിടെ, ദോഹയിൽ. മലപ്പുറം വടക്കാങ്ങര സ്വദേശി എ.ടി അബ്ദുൽ മജീദ്. അൽ ജസീറ എന്ന ലോകമറിയുന്ന വാർത്താ ചാനലിന്‍റെ ആദ്യത്തെ ജീവനക്കാരൻ- നമ്പർ 101. വാർത്താ പ്രക്ഷേപണത്തിൽ അൽ ജസീറ മുപ്പതു വർഷം പിന്നിടുമ്പോൾ ചാനലിന്‍റെ ആദ്യകാലം മീഡിയവണുമായി പങ്കുവയ്ക്കുകയാണ് അബ്ദുൽ മജീദ്. മൂന്ന്​ പതിറ്റാണ്ടിനിടെ മാധ്യമ ലോകത്ത്​ അൽ ജസീറ തീർത്ത വിപ്ലവത്തിന്‍റെ നേർ സാക്ഷി കൂടിയാണ്​ ഈ വടക്കാങ്ങര സ്വദേശി.

Advertising
Advertising




 


വാടക വില്ലയിലെ ഓഫിസ്​

1996 നവംബറിലായിരുന്നു അൽ ജസീറയുടെ തുടക്കം. അതിനും മുമ്പേ, 1995 ഡിസംബറിൽ മജീദ് ജസീറയിലെ എച്ച്ആർ വിഭാഗത്തിൽ ജോലിക്കെത്തി. ആദ്യത്തെ ജീവനക്കാരൻ. ഒരു പുതിയ മാധ്യമസ്ഥാപനത്തിന്‍റെ ജീവനക്കാരെ കണ്ടെത്തിയ ജോലി അദ്ദേഹം ഓർത്തെടുക്കുന്നത് ഇങ്ങനെ; ‘അന്ന് വാടകയ്ക്കെടുത്ത വില്ലയായിരുന്നു ഓഫീസ്. ജീവനക്കാരുടെ സിവികൾ പരിശോധിക്കണം. വീഡിയോ കാസറ്റുകൾ കാണണം. ഡയറക്ടർ ബോർഡിന്‍റെ യോഗങ്ങൾ രാത്രിയിലായിരുന്നു. ആ യോഗങ്ങളിൽ നടക്കുന്ന ചർച്ചകളും തീരുമാനങ്ങളും രേഖപ്പെടുത്തുന്നതുൾപ്പെടെ നിരവധി ഉത്തരവാദിത്തങ്ങൾ.

ആദ്യഘട്ടത്തിൽ അൽ ജസീറയിലേക്ക് എത്തിയത് 65 പേരാണ്. ജോർദാൻ, ലബനാൻ, ഫലസ്തീൻ, ഖത്തർ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ. ജേണലിസ്റ്റുകൾ, റിപ്പോർട്ടർമാർ, സൗണ്ട് എൻജിനീയർമാർ, പ്രൊഡ്യൂസർമാർ അങ്ങനെ… വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ളവർ ഒന്നിച്ചപ്പോൾ ഒരു പുതിയ മാധ്യമസംരംഭത്തിന് തുടക്കമായി. ആദ്യ സംപ്രേഷണം ആറു മണിക്കൂർ മാത്രമായിരുന്നു. പിന്നീട് 1997-ൽ അത് 12 മണിക്കൂറായി. രണ്ടുവർഷങ്ങൾക്കുശേഷം 24 മണിക്കൂർ വാർത്താ സംപ്രേഷണത്തിലേക്ക്.’ പതിനെട്ടു വർഷമാണ് അബ്ദുൽ മജീദ് എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്തത്. ഇപ്പോൾ ജസീറക്ക്​ കീഴിലുള്ള മുബാഷറിലെ ജീവനക്കാരനാണ്.

അൽ ജസീറയിലേക്കുള്ള യാത്ര

അബ്ദുൽ മജീദിന്‍റെ അൽ ജസീറയിലേക്കുള്ള യാത്രയ്ക്ക് പിന്നിൽ മറ്റൊരു കഥയുണ്ട്. തിരൂർക്കാട് നിന്ന് ദോഹയിലേക്ക് ജീവിതം പറിച്ചു നട്ടതിന്‍റെ കഥ. ഇലാഹിയ കോളജിൽ അധ്യാപകനായിരുന്നു അദ്ദേഹം. അക്കാലത്താണ് ഖത്തർ ഔഖാഫ് ഖത്തറിലെ മസ്ജിദുകളിലേക്ക് ഇമാമുമാരെ അന്വേഷിച്ച് കേരളത്തിലെത്തിയത്. ഇന്‍റർവ്യൂ കഴിഞ്ഞ് ദോഹയിലെത്തി. ഔഖാഫിൽ നിന്ന് പിന്നീട് ഖത്തർ വിദേശകാര്യമന്ത്രാലയത്തിലെത്തി. അവിടത്തെ ജോലിക്കാലത്താണ് ഉച്ച കഴിഞ്ഞ് അൽ ജസീറയ്ക്കായുള്ള പ്രവർത്തനങ്ങൾ.

അൽ ജസീറയുടെ വളർച്ചയ്ക്കു പിന്നിലെ അസംഖ്യം മനുഷ്യരുടെ കഠിനാധ്വാനം അദ്ദേഹം ഓർത്തെടുത്തു. 65 പേരുമായി ആരംഭിച്ച സ്ഥാപനം ഇന്ന് നാലായിരത്തോളം ജീവനക്കാരുള്ള വലിയ മാധ്യമലോകമായി വളർന്നിട്ടുണ്ട്. ആദ്യകാലത്തെ ചെറിയ ഓഫീസും രാത്രിയിലെ ഡയറക്ടർ ബോർഡ് യോഗങ്ങളും വലിയൊരു കുതിപ്പിലേക്കുള്ള ഊർജമായിരുന്നു. ജീവനക്കാരുടെ ബയോഡാറ്റകൾ പരിശോധിച്ച നാളുകളും ഇന്നത്തെ വിശാലമായ മാധ്യമലോകവും ഓർത്തെടുക്കുമ്പോൾ അബ്ദുൽ മജീദിന് അഭിമാനവും ആഹ്ലാദവും.

ഇപ്പോൾ, ലോകം അൽ ജസീറയുടെ വാർത്തകൾ കേട്ടും കണ്ടും മുന്നോട്ടുപോകുമ്പോൾ, ആ വാർത്താലോകത്തിന്റെ പിറവിക്കും വളർച്ചയ്ക്കും സാക്ഷിയായ ഒരു മലയാളിയുടെ ജീവിതയാത്രയും ആഘോഷിക്കപ്പെടുകയാണ്. അൽ ജസീറയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയിൽ, ആദ്യകാലം മുതൽ ഇന്നുവരെ ഒപ്പമുള്ള അപൂർവ സാന്നിധ്യം കേരളത്തിന്‍റെ കൂടി അഭിമാനമായി മാറുന്നു.

Tags:    

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Abbas Muhammad

contributor

Similar News