82 ഗ്യാലറികൾ; രണ്ടാം പതിപ്പിനൊരുങ്ങി ആർട്ട് ബേസൽ
ഇന്ത്യൻ കലാകാരന്മാരും മേളയിലെത്തും
ദോഹ: ലോകത്തുടനീളമുള്ള കലാകാരന്മാരെ ഖത്തറിൽ ഒരുമിപ്പിക്കുന്ന ആർട്ട് ബേസൽ പ്രദർശനത്തിൽ ഈ വർഷം 82 ഗ്യാലറികൾ. ആർട്ട് ബേസൽബേസലിന്റെ രണ്ടാം പതിപ്പാണ് ഇത്തവണത്തേത്. ഇന്ത്യയിൽ നിന്നുള്ള കലാകാരന്മാരും മേളയിലെത്തുന്നുണ്ട്.
സർഗാത്മകത വൈവിധ്യത്തിന്റെ ആഘോഷം വിളംബരം ചെയ്താണ് ദോഹയിൽ ആർട്ട് ബേസൽ എക്‌സിബിഷന് വീണ്ടും അരങ്ങുണരുന്നത്. 37 രാജ്യങ്ങളിൽ നിന്നുള്ള ഗ്യാലറികൾക്കു പുറമേ, എൺപത് കലാകാരന്മാരും മേളയിൽ അണിനിരക്കും. 2027 ജനുവരി 28 മുതൽ 30 വരെയാണ് ദോഹ കലയുടെ ആരവങ്ങൾക്ക് വേദിയാകുക. മിഷൈരിബ് ഡൗൺടൗണിലെ M7, ദോഹ ഡിസൈൻ ഡിസ്ട്രിക്ട് എന്നിവിടങ്ങളിലായിരിക്കും കലാവിഷ്‌കാരങ്ങൾ.
ബയ്‌ന, അഥവാ മധ്യേ എന്നതാണ് ആർട് ബേസലിന്റെ ഈ പതിപ്പിലെ പ്രമേയം. മേളയ്‌ക്കെത്തുന്ന കലാകാരന്മാരിൽ അമ്പത് ശതമാനവും മിന പ്രദേശത്തു നിന്നുള്ളവരാണ്. ഇന്ത്യയിൽ നിന്ന് കെമോൾഡ് പ്രസ്‌കോട്ട് റോഡ്, ഝാവേരി കണ്ടംപററി എന്നീ ഗ്യാലറികൾ പ്രദർശനത്തിനെത്തും. ന്യൂഡൽഹിയിൽ നിന്നുള്ള ആർടിസ്റ്റ് ആയിശ സിങ്ങിന്റെ സൃഷ്ടികളും പ്രദർശിപ്പിക്കുന്നുണ്ട്.
ഇറാഖി ക്യുറേറ്റർ വസ്സാൻ അൽ ഖുദൈരിയുടെ കലാസംവിധാനത്തിലാണ് ആർട്ട് ബേസൽ ഒരുങ്ങുന്നത്. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷം മുഴുവൻ നീളുന്ന കളക്ടേഴ്‌സ് മജ്‌ലിസ് എന്ന പദ്ധതിക്കും ഇത്തവണ തുടക്കം കുറിക്കുന്നുണ്ട്.