ഖത്തറിൽ മഴക്കായുള്ള പ്രത്യേക നമസ്കാരം നാളെ; സമയം രാവിലെ 5.59
രാജ്യത്തുടനീളം 136 കേന്ദ്രങ്ങളിലാണ് നമസ്കാരം നടക്കുക
ദോഹ: മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനയായ ഇസ്തിസ്ഖാ നമസ്കാരം ഖത്തറിൽ നാളെ നടക്കും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയാണ് പ്രാർഥനക്ക് നിർദേശം നൽകിയത്. വ്യാഴാഴ്ച രാവിലെ 5.59ന് ഖത്തറിലുടനീളം മഴയ്ക്കായുള്ള പ്രത്യേക പ്രാർഥന നടക്കും. രാവിലെ 5.59നാണ് നമസ്കാരത്തിന് സമയം നിശ്ചയിച്ചത്. ലുസൈൽ മൈതാനത്ത് വിശ്വാസികൾക്കൊപ്പം അമീർ നമസ്കാരത്തിൽ പങ്കെടുക്കുമെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഖത്തർ എൻഡോവ്മെന്റ്സ് ആൻഡ് ഇസ്‌ലാമിക കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. രാജ്യത്തുടനീളം 136 പള്ളികളിലും ഈദ്ഗാഹുകളിലുമായാണ് നമസ്കാരത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. നമസ്കാരത്തിൽ പങ്കെടുക്കാൻ കഴിയുന്ന എല്ലാ വിശ്വാസികളും എത്തണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. മഴ ലഭിക്കാനും അല്ലാഹുവിന്‍റെ അനുഗ്രഹം തേടിയുമാണ് പ്രത്യേക പ്രാർഥന സംഘടിപ്പിക്കുന്നത്.പശ്ചാത്താപം, പാപമോചനം തേടൽ, ദാനധർമങ്ങൾ തുടങ്ങിയ സൽപ്രവൃത്തികളിൽ ഏർപ്പെടണമെന്നും മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്