മുപ്പതിന്റെ നിറവിൽ അൽ ജസീറ; പ്രക്ഷേപണ രംഗത്ത് വൻ മാറ്റങ്ങളോടെ പുതിയ യുഗത്തിലേക്ക്

മൂന്ന് ചാനലുകളും 33 പുതിയ പരിപാടികളും പ്രഖ്യാപിച്ചു

Update: 2026-11-01 17:15 GMT

ദോഹ: ആഗോള മാധ്യമരംഗത്ത് തനതായ മാധ്യമപ്രവർത്തന ശൈലിയിലൂടെ ശ്രദ്ധേയമായ അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് 30-ാം വാർഷിക നിറവിൽ. 1996 നവംബർ ഒന്നിന് ഖത്തറിലെ ദോഹയിൽ നിന്ന് സംപ്രേഷണം ആരംഭിച്ച അൽ ജസീറ, മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ അറബിക് വാർത്താ ചാനൽ ശൃംഖലയിൽ വൻ മാറ്റങ്ങളും പുതിയ പ്രക്ഷേപണ സംവിധാനവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘നൗ, മീനിങ്, ഹ്യൂമാനിറ്റി’ എന്ന പുതിയ മുദ്രാവാക്യത്തോടെയാണ് നവീകരിച്ച ചാനൽ സംവിധാനം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

പ്രേക്ഷകരുടെ മാധ്യമ ഉപഭോഗ ശീലങ്ങളിലുണ്ടായ വേഗതയേറിയ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ഈ പുതിയ കാൽവെപ്പ്. ഇതിന്റെ ഭാഗമായി മൂന്ന് വ്യത്യസ്ത വാർത്താ അനുഭവങ്ങൾ നൽകുന്ന ചാനൽ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Advertising
Advertising

വലിയ സംഭവവികാസങ്ങളും ബ്രേക്കിങ് വാർത്തകളും നിശ്ചിത സമയക്രമങ്ങളോ വാർത്താ ബുള്ളറ്റിനുകളോ ഇല്ലാതെ തത്സമയം നൽകുന്നതിനായി 'അൽ ജസീറ നൗ' എന്ന പുതിയ സംരംഭം ആരംഭിച്ചു. സംഭവങ്ങളുടെ ആഴത്തിലുള്ള വിശകലനങ്ങൾക്കും പശ്ചാത്തല വിവരങ്ങൾക്കും ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിങ്ങുകൾക്കും പ്രാമുഖ്യം നൽകി 'അൽ ജസീറ അറബിക്' വാർത്താ ബുള്ളറ്റിനുകളും ഇൻ-ഡെപ്ത് ന്യൂസ് ബ്ലോക്കുകളും സംപ്രേഷണം ചെയ്യും. സംഭവസ്ഥലങ്ങളിൽ നിന്ന് നേരിട്ടുള്ള തത്സമയ കാഴ്ചകൾ നൽകുന്ന ചാനലായി 'അൽ ജസീറ മുബാഷർ' തുടരും.

ബ്രേക്കിങ് ന്യൂസുകളോടും പ്രധാന സംഭവങ്ങളോടും ഏകോപനത്തോടെയും വേഗത്തിലും പ്രതികരിക്കാൻ സഹായിക്കുന്ന സംയോജിത സംവിധാനമാണ് ഈ പുതിയ ചട്ടക്കൂടെന്ന് അൽ ജസീറ അറബിക് മാനേജിങ് ഡയറക്ടർ ആസിഫ് ഹമീദി വ്യക്തമാക്കി.

സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളെയും അന്താരാഷ്ട്ര മാധ്യമങ്ങൾ അവഗണിച്ച മേഖലകളെയും ലോക വാർത്തകളുടെ കേന്ദ്രബിന്ദുവാക്കാൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് അൽ ജസീറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ലോകമെമ്പാടുമായി 70-ലധികം ബ്യൂറോകളാണ് നെറ്റ്‌വർക്കിനുള്ളത്. 2006 നവംബർ 15-ന് ആരംഭിച്ച അൽ ജസീറ ഇംഗ്ലീഷ് ചാനൽ 20 വർഷം പൂർത്തിയാക്കുന്ന വേള കൂടിയാണിത്.

അൽ ജസീറ 360 ഡിജിറ്റൽ പ്ലാറ്റ്‌ഫോം, യൂട്യൂബ് എന്നിവയ്ക്ക് പുറമെ പ്രമുഖ ഉപഗ്രഹ ഫ്രീക്വൻസികൾ വഴിയും പ്രേക്ഷകർക്ക് പുതിയ വാർത്താ സംവിധാനം ലഭ്യമാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News