13 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ അവര്‍ രണ്ടായി,പക്ഷേ ഒരാളുടെ ജീവന്‍ വിധി തട്ടിയെടുത്തു
എന്നാല്‍ ഹനീനയുടെ ജീവന്‍ മാത്രമാണ് രക്ഷിക്കാനായത്
13 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ ഫലസ്തീന്‍ സയാമീസ് ഇരട്ടകളായ ഹനീന, ഫര്‍റ എന്നിവരെ വേര്‍പ്പെടുത്തി. എന്നാല്‍ ഹനീനയുടെ ജീവന്‍ മാത്രമാണ് രക്ഷിക്കാനായത്. റിയാദിലെ കിങ് അബ്ദുള്ള സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇസ്രയേല്‍ പട്ടാളം തടഞ്ഞതിനാല്‍ കുഞ്ഞുങ്ങളുടെ അമ്മക്ക് ആശുപത്രിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഹനീനയും, ഫര്‍റയും ശരീരമൊന്നിച്ച് ഗസ്സയില്‍ പിറന്നുവീണത്. ജന്മനാ തന്നെ ഫര്‍റയുടെ ഹൃദയവും തലച്ചോറുമെല്ലാം ചെറുതായിരുന്നു. കഥയറിഞ്ഞ സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പിതാവ് സല്‍മാന്‍ രാജാവിന്റെ സഹായത്തോടെ ചികിത്സക്കായി ഉത്തരവിട്ചു. ഗസ്സാ അതിര്‍ത്തി കടന്ന് ജോര്‍ദാനിലെത്തിയ ഇവരെ വ്യോമമാര്‍ഗം റിയാദിലെത്തിക്കുകയായിരുന്നു. പിതാവിനെ മക്കള്‍ക്കൊപ്പം വിട്ടെങ്കിലും ഉമ്മയെ ഇസ്രയേല്‍ പട്ടാളം അതിര്‍ത്തിയില്‍ തടഞ്ഞു. റിയാദിലെത്തിച്ച ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് മുന്‍പില്‍ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. ശാരീരിക ശേഷി കുറഞ്ഞ ഫര്‍റയെ വേര്‍പ്പെടുത്തി ഹനീനയെ രക്ഷപ്പെടുത്തുക. പതിമൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ ഫര്‍റയെ പിരിഞ്ഞ് ഹനീന ഏകയായി.ഇസ്രയേല്‍ പട്ടാളം തടഞ്ഞ ഉമ്മയെ കാണാതെ ഫര്‍റ ജീവിതത്തില്‍ നിന്നും മടങ്ങി. പുറത്തെത്തിച്ച മകളെ കണ്ട് കണ്ണീരോടെ പിതാവ് ഡോക്ടര്‍മാര്‍ക്ക് അരികിലേക്ക്. പൂര്‍ണ ആരോഗ്യവതിയാകും വരെ ഹനീന റിയാദിലുണ്ടാകും ഹനീന . ഫര്‍റക്കും ഹനീനക്കും പ്രാര്‍ഥനകളോടെ അങ്ങകലെ ഗസ്സയില്‍ ഉമ്മയും.