കുവൈത്തിൽ പ്രവാസികളുടെ എൻട്രി, സന്ദർശന വിസ, താമസാനുമതി നിയമങ്ങളിൽ ഭേദഗതി
എല്ലാ എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും പ്രതിമാസം 10 ദിനാറായി വർധിപ്പിച്ചു
കുവൈത്ത് സിറ്റി: പ്രവാസികളുടെ എൻട്രി, സന്ദർശന വിസ, താമസാനുമതി നിയമങ്ങളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തി. എല്ലാ വിഭാഗങ്ങളിലുമുള്ള എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും പ്രതിമാസം 10 ദിനാറായി വർധിപ്പിച്ചു.
പ്രവാസികളുടെ എൻട്രി അനുമതികൾ, കുടുംബവാണിജ്യ സന്ദർശന വിസകൾ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും ഗാർഹിക തൊഴിലാളികൾക്കും ഉള്ള താമസാനുമതികൾ സംബന്ധിച്ച നിയമങ്ങൾ എന്നിവ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിഷ്‌കരിച്ചു. പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
എല്ലാ വിഭാഗങ്ങളിലുമുള്ള എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും ഇനി പ്രതിമാസം 10 കുവൈത്ത് ദിനാർ ഫീസ് ഈടാക്കും. കുടുംബവും വാണിജ്യവും ഉൾപ്പെടെയുള്ള എല്ലാ സന്ദർശന വിസകൾക്കും ഈ നിരക്ക് ബാധകമാണ്. ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിന് പുറത്തു പരമാവധി നാല് മാസം മാത്രമേ തുടരാൻ അനുവദിക്കൂ. നാലു മാസത്തിൽ കൂടുതൽ പുറത്തുനിൽക്കുകയും സ്‌പോൺസറുടെ അനുമതി ലഭിക്കാതിരിക്കുകയും ചെയ്താൽ റെസിഡൻസി റദ്ദാക്കും.
പുതിയ വിസയ്ക്ക് അപേക്ഷിക്കുന്ന ഗാർഹിക തൊഴിലാളികളുടെ പ്രായപരിധി 21 മുതൽ 60 വയസ് വരെയായി നിശ്ചയിച്ചു. കുവൈത്തിൽ ജനിക്കുന്ന പ്രവാസി കുട്ടികളുടെ ജനന രജിസ്‌ട്രേഷൻ നാല് മാസത്തിനകം പൂർത്തിയാക്കണം. വൈകിയാൽ ആദ്യ മാസം ദിവസേന രണ്ട് ദിനാറും തുടർന്ന് പ്രതിദിനം നാല് ദിനാറും പിഴ ഈടാക്കും.
വിദേശ നിക്ഷേപകർക്ക് മന്ത്രിസഭ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്ന പക്ഷം 15 വർഷം വരെ താമസാനുമതി അനുവദിക്കും. ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കാനാണ് ഭേദഗതികളുടെ ലക്ഷ്യമെന്നും നിയമലംഘനങ്ങൾക്ക് കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.