മ്യൂണിക്ക് സുരക്ഷാ സമ്മേളനം: കുവൈത്ത്, യുക്രൈൻ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി

അന്തർദേശീയ, പ്രാദേശിക സംഭവവികാസങ്ങൾ ചർച്ചയായി

Update: 2026-02-14 10:25 GMT

റിയാദ്: ജർമനിയിലെ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് കുവൈത്ത്, യുക്രൈൻ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജർറാ ജാബിർ അൽഅഹ്‌മദ് അസ്സബാഹുമായും യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായുമാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

സൗദി - കുവൈത്ത് വിദേശകാര്യ മന്ത്രിമാർ ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും അനുബന്ധ ശ്രമങ്ങളും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. സഹകരണം ശക്തിപ്പെടുത്താനുള്ള വഴികളും ചർച്ച ചെയ്തു.

Advertising
Advertising

യുക്രൈൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധവും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. സൗദി വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽയഹ്‌യയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അതേസമയം, 62ാമത് മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനായി സൗദി വിദേശകാര്യ മന്ത്രിയും സംഘവും ജർമനിയിലാണുള്ളത്. വിദേശകാര്യ സഹമന്ത്രിയും കാബിനറ്റ് അംഗവുമായ ആദിൽ അൽ ജുബൈർ, ദേശീയ സൈബർ സുരക്ഷാ അതോറിറ്റി ഗവർണർ മജീദ് അൽ മസ്യിദ്, സ്ട്രാറ്റജിക് ഡിഫൻസ് സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ സിഇഒ മേജർ ജനറൽ ഫഹദ് അൽഒതൈബി എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.

ഫെബ്രുവരി 15 വരെയാണ് മ്യൂണിക്ക് സുരക്ഷാ സമ്മേളനം. മ്യൂണിക്കിലെ ഹോട്ടൽ ബയറിഷർ ഹോഫിലാണ് വേദി. വിദേശ, സുരക്ഷാ നയ വെല്ലുവിളികളെക്കുറിച്ചുള്ള ഉന്നതതല സംവാദങ്ങൾക്ക് സമ്മേളനം വേദിയാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News