ഇറാന്റെ മിസൈൽ ലോഞ്ചറുകളിൽ പകുതിയോളം ഇപ്പോഴും പ്രവർത്തിക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്
ഇറാന്റെ മിസൈൽ സൈറ്റുകളിലേറെയും അണ്ടർഗ്രൗണ്ടിലായതിനാൽ വ്യോമസേനയ്ക്ക് അവ കണ്ടെത്തി നശിപ്പിക്കുന്നത് വെല്ലുവിളിയാണ്
ഒരുമാസത്തിലേറെ നീണ്ട ആക്രമണത്തിന് ശേഷം ഇറാന്റെ പകുതിയിലേറെ ബാലിസ്റ്റിക് മിസൈൽ-ലോഞ്ചറുകളും പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇസ്രായേലി മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തോടെ ലോഞ്ചറുകളിൽ ചിലത് ഇപ്പോൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ഇറാന് അവ ഉടൻ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് യുഎസ് വിലയിരുത്തൽ. ഇറാന്റെ മിസൈൽ സൈറ്റുകളിലേറെയും അണ്ടർഗ്രൗണ്ടിലായതിനാൽ വ്യോമസേനയ്ക്ക് അവ കണ്ടെത്തി നശിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ്.
ടണലുകളിലൂടെയും ഭൂമിക്കടിയിലെ ബങ്കറുകളിലൂടെയും മാത്രം പ്രവേശിക്കാവുന്ന ലോഞ്ചറുകൾ ബോംബിങ് വഴി പൂർണമായി നശിപ്പിക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാനിന്റെ ഏകദേശം 470 ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളിൽ 60 ശതമാനം തകർത്തു അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കി എന്നായിരുന്നു ഇസ്രായേലിന്റെ അവകാശവാദം. ഇതിന് വിരുദ്ധമാണ് യുഎസിന്റെ റിപ്പോർട്ട്. ഭൂമിക്കടിയിൽ കുടുങ്ങിയവ ഇല്ലാതാക്കി എന്ന കണക്കിലാണ് ഇസ്രായേൽ പെടുത്തുന്നത്. എന്നാൽ ടണലുകൾ തുരന്ന് ഇറാൻ ഇവ സമയമെടുത്താണെങ്കിലും വീണ്ടെടുക്കുന്നുണ്ട്.
യു.എസ് ഇന്റലിജൻസ് വിലയിരുത്തലുകൾ പ്രകാരം ഇറാന്റെ കൈവശം ആയിരക്കണക്കിന് ആക്രമണ ഡ്രോണുകൾ ഇപ്പോഴും സ്റ്റോക്കിൽ ഉണ്ട്. പശ്ചിമേഷ്യയിലെ മുഴുവൻ മേഖലയിലും വലിയ നാശനഷ്ടം വരുത്താൻ ഇപ്പോഴും പൂർണമായി തയ്യാറായി നിൽക്കാൻ ഇറാന് സാധിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഇതിനാൽ ഗൾഫ് രാജ്യങ്ങൾക്കും യുദ്ധം പാതിവഴിയിൽ നിലച്ചാൽ ഉണ്ടാക്കുന്ന ഭയം ചെറുതാകില്ല. ഇതോടെ കൂടുതൽ പ്രഹരമുള്ള കുരുതിക്ക് യുഎസും ഇസ്രായേലും തയ്യാറെടുത്തേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.