തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം 36-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളുടേയും മേധാവികള്‍ തമ്മില്‍ ചര്‍ച്ചകള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് ബേസുകളിലേക്കടക്കം പ്രത്യാക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. യുദ്ധത്തില്‍ ഇതിനോടകം 1,500-ലധികം പേര്‍ ഇറാനില്‍ മാത്രമായി കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധം ആഴ്ചകള്‍ പിന്നിട്ടിട്ടും മിസൈല്‍ ലോഞ്ച് സിസ്റ്റങ്ങളിലടക്കം ഇറാന്റെ പ്രഹരശേഷി അല്‍പ്പം പോലും കുറഞ്ഞിട്ടില്ലെന്ന് അടുത്തിടെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വിടുകയും ചെയ്തു. യുദ്ധത്തിന്റെ പലഘട്ടങ്ങളിലായി തങ്ങള്‍ വിജയം നേടിയെന്ന് യുഎസ് ഭരണകൂടം അവകാശപ്പെടുമ്പോഴും തങ്ങളുടെ രാഷ്ട്രത്തിനെതിരായ ഏത് സൈനിക നീക്കത്തിനും കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിലൂടെ സംഘര്‍ഷം നീണ്ടുപോകാനുള്ള സാധ്യതകളാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ, യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ഇറാനിലെ മ്യൂസിക് സ്‌കൂളിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് തെഹ്‌റാനിലെ ഹാമിദ്‌റിസ അഫ്രീദ്. യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് മുന്‍പ് വരെയും ഇറാനിലെ 250-ഓളം കുട്ടികള്‍ ആര്‍ത്തുല്ലസിച്ച സ്‌കൂള്‍ ഇന്ന് തകര്‍ന്നടിഞ്ഞ പ്രേതാലയമെന്നോണം അവശിഷ്ടങ്ങൾ മാത്രമായി അവശേഷിച്ചിരിക്കുകയാണ്. പാടിപ്പഠിക്കാന്‍ കുട്ടികള്‍ ചിലവിട്ട നല്ല സമയങ്ങളും അധ്യാപകരുടെ കഠിനശ്രമങ്ങളും മാതാപിതാക്കളുടെ പ്രതീക്ഷകളും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെവിടെയോ ശ്വാസംമുട്ടി കഴിയുന്നുണ്ടെന്നാണ് അഫ്രീദിയുടെ പ്രതികരണം. സ്‌കൂളില്‍ നിന്നുള്ള നല്ല ഓര്‍മകളെല്ലാം യുദ്ധമാരംഭിച്ചതിന് പിന്നാലെ തുടച്ചുനീക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ ഷഹീദയുമായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഫ്രീദ് മ്യൂസിക് സ്‌കൂള്‍ കെട്ടിപ്പടുത്തത്. തങ്ങളുടെ ജീവിതസമ്പാദ്യങ്ങളും കഠിനാധ്വാനവും നിക്ഷേപിച്ച് പടുത്തുയര്‍ത്തിയ ആ കെട്ടിടത്തില്‍ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ക്കായി 250-ഓളം കുട്ടികളാണ് ദിവസവും വന്നുപൊയ്ക്കൊണ്ടിരുന്നത്. മാര്‍ച്ച് 23-ന് നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് തൊട്ടടുത്ത നിരവധി കെട്ടിടങ്ങളോടൊപ്പം ഈ മ്യൂസിക് സ്‌കൂളും നിലംപരിശാക്കപ്പെട്ടത്. തലസ്ഥാന നഗരിയുടെ വടക്ക് ഭാഗത്ത് കഴിഞ്ഞിരുന്ന കെട്ടിടം, സൈനിക ക്യാമ്പിന് തൊട്ടടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.
യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാല്‍ കുട്ടികളൊന്നും ആക്രമണസമയത്ത് കെട്ടിടത്തിലുണ്ടായിരുന്നില്ല. എങ്കിലും, സംഗീതത്തിലൂടെയും സന്തോഷം പകര്‍ന്നുനല്‍കുന്നതിലൂടെയും ദമ്പതികള്‍ സ്വന്തമാക്കിയ അനുഭൂതിയെ തച്ചുടക്കാന്‍ പ്രാരംഭസമയത്തെ ഈ ആക്രമണം തന്നെ ധാരാളം. യുദ്ധം സാധാരണക്കാരെ ബാധിക്കുന്നതെങ്ങനെയെന്നതിന്റെ ജീവിക്കുന്ന ഒരുപാട് ഉദാഹരണങ്ങളിലൊന്നാണ് ഞങ്ങളെന്നും ജീവന്റെ സുരക്ഷ, സ്വാതന്ത്ര്യം, സമാധാനം എന്നിവയുടെ തകര്‍ച്ചയെന്നത് മരണനിരക്ക് പോലെ ദിവസവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു.
'എന്റെയും പങ്കാളിയുടേയും കഴിഞ്ഞ 15 വര്‍ഷത്തെ സമ്പാദ്യങ്ങളും പരിശ്രമങ്ങളുമാണ് ഒറ്റരാത്രി കൊണ്ട് ഇസ്രായേല്‍ നാമാവശേഷമാക്കിയത്. അവരെല്ലാം നശിപ്പിച്ചു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും തന്നെ ബാക്കിയില്ല. ആക്രമണം നടക്കുമ്പോള്‍ കനത്ത പുക മാത്രമേ അവിടെ കാണാന്‍ കഴിഞ്ഞുള്ളൂ. ഏതാനും മണിക്കൂര്‍ നേരത്തേക്ക് സ്ഥാപനത്തെ ഒരുനോക്ക് കാണാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇറാനിയന്‍ സൈന്യം അവരുടെ പരിശോധനയും രക്ഷാപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതിന് ശേഷമാണ് കയറാന്‍ സാധിച്ചത്. കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു സ്‌കൂളുണ്ടായിരുന്നത്. കോണിപ്പടികല്‍ പോലും തകര്‍ന്ന നിലയിലാണ് കാണാനായത്'. അഫ്രീദി വിതുമ്പി. മ്യൂസിക് ഉപകരണങ്ങളും ടിവി, ഓഡിയോ സംവിധാനങ്ങളൊന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധത്തില്‍ ഇതിനോടകം ഇറാനില്‍ മാത്രമായി 1,500-ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. 20,000-ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അതിലധികവും സ്ത്രീകളും കുട്ടികളുമാണ്. യഥാര്‍ഥ കണക്കുകള്‍ ഇതില്‍ കൂടുതല്‍ വരും. അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 250-ഓളം പേരും കൊല്ലപ്പെട്ടവരില്‍ പെടും.