യുഎഇയില്‍ വാറ്റ് ഫ്രീ സോണുകള്‍ പ്രഖ്യാപിച്ചു
ഇരുപത് ഫ്രീസോണുകള്‍ക്ക് വാറ്റ് ബാധകമല്ലെന്ന മന്ത്രിസഭാ തീരുമാനം ഫെഡറല്‍ ടാക്‌സ് അതോറിറ്റിയാണ് പുറത്തുവിട്ടത്.
യു.എ.ഇയിലെ ഇരുപത് ഫ്രീ സോണുകളെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കി. വാറ്റ് നടപ്പില്‍ വന്ന് പത്ത് ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് അധികൃതര്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഫ്രീസോണുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി.
ജനുവരി ഒന്നിന് മൂല്യവര്‍ധിത നികുതി നടപ്പില്‍ വന്നതു മുതല്‍ പ്രധാന ഫ്രീസോണുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇരുപത് ഫ്രീസോണുകള്‍ക്ക് വാറ്റ് ബാധകമല്ലെന്ന മന്ത്രിസഭാ തീരുമാനം ഫെഡറല്‍ ടാക്‌സ് അതോറിറ്റിയാണ് പുറത്തുവിട്ടത്. ഖലീഫ പോര്‍ട്ടിലെ ഫ്രീ ട്രേഡ് സോണ്‍, അബൂദബി എയര്‍പോര്‍ട്ട് ഫ്രീ സോണ്‍, ഖലീഫാ ഇന്‍ഡസ്ട്രിയല്‍ സോണ്‍, ദുബൈ ജബല്‍ അലി ഫ്രീസോണ്‍, ദുബൈ കാര്‍സ് ആന്റ് ഓട്ടോമാറ്റീവ് സോണ്‍, ദുബൈ ടെക്‌സ്റ്റയില്‍സ് സിറ്റി, അല്‍ഖൂസ് ഫ്രീ സോണ്‍, ഖിസൈസ് ഫ്രീ സോണ്‍, ദുബൈ ഏവിയേഷന്‍ സിറ്റി, ദുബെ എയര്‍പോര്‍ട്ട് ഫ്രീസോണ്‍, ഷാര്‍ജ ഹംരിയ ഫ്രീ സോണ്‍, ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷനല്‍ ഫ്രീസോണ്‍, അജ്മാന്‍ ഫ്രീസോണ്‍, ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍, റാക് ഫ്രീ ട്രേഡ് സോണ്‍, റാക് മാരിടൈം സിറ്റി ഫ്രീസോണ്‍, റാക് എയര്‍പോര്‍ട്ട് ഫ്രീസോണ്‍, ഫുജൈറ ഫ്രീ സോണ്‍, ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണ്‍ എന്നിവയാണ് വാറ്റ്‌രഹിത ഫ്രീസോണ്‍ പട്ടികയില്‍ ഇടം നേടിയത്. ഉല്‍പന്നങ്ങള്‍ക്കു മേല്‍ പ്രത്യേക നിയന്ത്രണമുള്ള ഫ്രീസോണുകളുടെ കാര്യത്തിലാണ് ഇളവ്. എന്നാല്‍ ദുബൈ മീഡിയാ സിറ്റിയും മറ്റും മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ വരും.