റോഹിങ്ക്യന്‍ ജനതക്കും മറ്റ് അഭയാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം നേര്‍ന്നു ഖത്തറിന്റെ പെരുന്നാളാഘോഷം
മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഈദുഗാഹുകളും മസ്ജിദുകളുമാണ് ഈ വര്‍ഷം ഒരുക്കിയിരുന്നത്
ത്യാഗസ്മരണകള്‍ ഉണര്‍ത്തിയ ബലി പെരുന്നാള്‍ ദിനത്തില്‍ റോഹിങ്ക്യന്‍ ജനതക്കും മറ്റ് അഭയാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം നേര്‍ന്നു കൊണ്ടാണ് ഖത്തറിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിച്ചത് .മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഈദുഗാഹുകളും മസ്ജിദുകളുമാണ് ഈ വര്‍ഷം ഒരുക്കിയിരുന്നത് .ഒരാഴ്ചക്കാലം നീളുന്ന ആഘോഷ പരിപാടികളും രാജ്യത്ത് നടക്കും .
കാലത്ത് കൃത്യം 5 29 ന് തന്നെ ഖത്തറിന്റെ വിവിധ ഭഗാങ്ങളിലെ 338 ഈദുഗാഹുകളിലും മസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. റോഹിങ്ക്യന്‍ ജനതയുള്‍പ്പെടെ ലോകത്തിലെ അഭയാര്‍ത്ഥികളോട് ഐക്യപ്പെടണമെന്ന ആഹ്വാനമാണ് പെരുന്നാള്‍ ഖുതുബകളില്‍ കേട്ടത്. ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെയും ഫനാറിന്റെയും സഹകരണത്തോടെ മലയാളികള്‍ കൂടുതലായെത്തിയ ഈദ്ഗാഹുകളില്‍ ഖുതുബയുടെ മലയാളം പരിഭാഷയും ഒരുക്കിയിരുന്നു. രാജ്യത്തെ മധ്യവേനലവധിയും പെരുന്നാള്‍ അവധിയും ഒരുമിച്ച കിട്ടിയ പ്രവാസി കുടുംബങ്ങളധികവും നാട്ടിലാണെങ്കിലും മിക്ക ഈദുഗാഹുകളിലും മലയാളി സാന്നിധ്യം കാര്യമായുണ്ട്.
മൂന്ന് മാസത്തോളമായുള്ള ഉപരോധത്തെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ഖത്തറിന്റെ ഔദ്യാഗികസംഘത്തിന്റെ സാന്നിദ്ധ്യമില്ലാതെ നടന്ന ഹജ്ജ് ദിനങ്ങള്‍ സ്വദേശികളിലും പ്രവാസികളിലും നൊമ്പരമുയര്‍ത്തുന്നുണ്ട്. അതേസമയം മുഴുവന്‍ മുസ്ലിംരാജ്യങ്ങളിലെയും ജനതക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഖത്തര്‍ ജനത ഈദ്ഗാഹുകളില്‍ നിന്ന് പിരിഞ്ഞത് . ഇതിനിടയിലും വൈകിട്ട് ദോഹ കോര്‍ണീഷിലും കത്താറയിലും ഒരുക്കിയ വെടിക്കെട്ടും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായി പ്രത്യേകമായൊരുക്കിയ ആഘോഷപരിപാടികളും മുന്‍വര്‍ഷത്തേക്കാള്‍ പൊലിമയോടെ തന്നെയാണ് ഖത്തറില്‍ കൊണ്ടാടുന്നത് .