വുളുവെടുക്കുമ്പോള്‍ പള്ളിയിലെ ഇരിപ്പിടങ്ങള്‍ ഇനി നനയില്ല

Update: 2018-05-31 03:55 GMT
Editor : admin
വുളുവെടുക്കുമ്പോള്‍ പള്ളിയിലെ ഇരിപ്പിടങ്ങള്‍ ഇനി നനയില്ല

കണ്ടുപിടുത്തത്തെ അംഗീകരിച്ച ഷാര്‍ജ ഇസ്ലാമികകാര്യവകുപ്പ് മുഹമ്മദ് താഹിറിനെ പുരസ്കാരം നല്‍കി ആദരിച്ചു.

മസ്ജിദുകളില്‍ അംഗശുദ്ധി വരുത്തുന്ന, അഥവാ വുളു എടുക്കുന്ന സ്ഥലങ്ങളിലെ നനഞ്ഞു കുതിര്‍ന്ന ഇരിപ്പിടങ്ങള്‍ പലര്‍ക്കും തലവേദനയാണ്. ഇതിന് പരിഹാരമായി നനയാത്ത ഇരിപ്പിടം വികസിപ്പിച്ച് ശ്രദ്ധേയനാവുകയാണ് ഷാര്‍ജയിലെ പാകിസ്ഥാനി പ്രവാസി മുഹമ്മദ് താഹിര്‍. ഈ കണ്ടുപിടുത്തത്തെ അംഗീകരിച്ച ഷാര്‍ജ ഇസ്ലാമികകാര്യവകുപ്പ് താഹിറിനെ പുരസ്കാരം നല്‍കി ആദരിച്ചു.

ലോകമെമ്പാടുമുള്ള മസ്ജിദുകള്‍ നേരിടുന്ന ഒരു ചെറിയ പ്രശ്നമുണ്ട്. ഈ ചെറിയ പ്രശ്നം ചില സമയങ്ങളെങ്കിലും ഗുരുതരപ്രശ്നമാണ്. അംഗശുദ്ധിക്കിടയില്‍ വെള്ളം വീണ് നനഞ്ഞു കുതിരുന്ന ഇരിപ്പിടങ്ങള്‍. പലപ്പോഴും ഇവയില്‍ ഇരിക്കാന്‍ കഴിയില്ല. ഇരുന്നാല്‍ ഇത്തരത്തില്‍ അടിവസ്ത്രം വരെ നനഞ്ഞു കുതിരും. അങ്ങ് മക്കയിലെ പള്ളി മുതല്‍ ഇങ്ങ് ഗ്രാമങ്ങളിലെ കൊച്ചു മസ്ജിദുകളില്‍ വരെ ഇതാണ് സ്ഥിതി.

Advertising
Advertising

അതിമനോഹരമായ പള്ളി നിര്‍മിക്കുന്ന ആര്‍ക്കിടെക്ടുകള്‍ പോലും എന്തുകൊണ്ട് ഇതിനൊരു പരിഹാരം കാണുന്നില്ല എന്ന ചിന്തയാണ് മുഹമ്മദ് താഹിറിനെ നനയാത്ത ഇരിപ്പിടം രൂപ കല്‍പന ചെയ്യാന്‍ പ്രേരിപ്പിച്ചത്. താഹിന്റെ ഡിസൈനും ബന്ധുക്കളായ തയ്യിബ് മെഹ്താബ് എന്നിവരുടെ മെക്കാനിക്കല്‍ ബുദ്ധിയും കൂടി ചേര്‍ന്നതോടെ വെള്ളം നില്‍ക്കാത്ത രണ്ടുതരം ഇരിപ്പിടങ്ങള്‍ റെഡി. വെള്ളം നില്‍ക്കാത്ത വിധം നേര്‍ത്തതും, ഭാരം താങ്ങുന്നതും തുരുമ്പിക്കാത്തതുമായ ഇരിപ്പിടം വികസിപ്പിക്കുകയായിരുന്നു വെല്ലുവിളി.

വിവിധ മസ്ജിദുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ഇരിപ്പിടത്തെ അംഗീകരിച്ച് ഷാര്‍ജ ഔഖാഫ് മതകാര്യവകുപ്പ് മേധാവി അബ്ദുല്ല ഖലീഫ യഅ്റൂഫ് അല്‍ സബൂസി താഹിറിന് സാക്ഷ്യപത്രം നല്‍കി ആദരിച്ചു. മുമ്പും കാര്‍ഷികമേഖലക്കായി കണ്ടുപിടുത്തങ്ങള്‍ നടത്തി താഹിര്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ ഈ ഇരിപ്പിടം ഉല്‍പാദിപ്പിക്കാന്‍ തയാറെടുക്കുകയാണ് താഹിര്‍.

ലോകമെമ്പാടുമുള്ള പള്ളികളില്‍ തന്റെ വിദ്യ അനുകരിച്ച് മറ്റുള്ളവര്‍ ഇരിപ്പിടം നിര്‍മിക്കുന്നതിന് താഹിര്‍ എതിരല്ല. ഈ കണ്ടുപിടുത്തത്തിന് താഹിര്‍ എന്തായാലും പേറ്റന്റ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. പകരം നനഞ്ഞു കുതിരാത്ത വുളുവിന് ശേഷം അദ്ദേഹത്തിന് ഒരു പ്രാര്‍ഥന മതി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News