യൂസുഫുല്‍ ഖറദാവി മരിച്ചുവെന്ന പ്രചാരണം വ്യാജം

ആരോഗ്യനില തൃപ്തികരമെന്ന് ലോക മുസ്‍ലിം പണ്ഡിതസഭ

Update: 2021-04-20 02:31 GMT
By : Web Desk

ആഗോള ഇസ്‍ലാമിക പണ്ഡിത സഭാ അധ്യക്ഷന്‍ ഷെയ്ഖ് യൂസുഫുല്‍ ഖറദാവി അന്തരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംഘടന അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയാണെങ്കിലും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും ലോക മുസ്‍ലിം പണ്ഡിത സഭ ട്വിറ്ററിലൂടെ വ്യക്തമാക്കി.

നേരത്തെ ഖറദാവിക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്ത അദ്ദേഹത്തിന്‍റെ തന്നെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന് കോവിഡിന്‍റെ  നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഏതാനും മണിക്കൂറുകള്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങിയിരുന്നതായും പണ്ഡിത സഭ ട്വിറ്ററില്‍ അറിയിച്ചു. ഖറദാവി കൊവിഡ് ബാധിതനായ കാര്യം മകന്‍ അബ്ദുല്‍ റഹ്മാനും പങ്കുവച്ചിരുന്നു. അദ്ദേഹം നേരത്തേ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്നും മകന്‍ അറിയിച്ചു.

ദീര്‍ഘവര്‍ഷങ്ങളായി ഖത്തറില്‍ കഴിയുന്ന 95കാരനായ ഈജിപ്ഷ്യന്‍ പണ്ഡിതനായ ഖറദാവിക്ക് ഉന്നതപദവികളോട് കൂടിയുള്ള സുരക്ഷാ സംവിധാനങ്ങളും സൌകര്യങ്ങളുമാണ് ഖത്തര്‍ ഭരണകൂടം നല്‍കി വരുന്നത്. കുറച്ചുകാലം മുമ്പു വരെ ഖത്തര്‍ ഗ്രാന്‍ഡ് മസ്ജിദില്‍ അദ്ദേഹം ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കാറുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ജുമുഅ പ്രഭാഷണം കേള്‍ക്കാനായി ആയിരങ്ങളാണ് മസ്ജിദില്‍ എത്തിയിരുന്നത്.

Tags:    

By - Web Desk

contributor

Similar News