താറുമാറായി പശ്ചിമേഷ്യയിലെ വ്യോമ ഗതാഗതം; ഒറ്റദിവസം റദ്ദാക്കിയത് 700-ലധികം വിമാനങ്ങൾ

സ്ഥിതി വഷളാവുന്ന സാഹചര്യത്തിൽ എണ്ണം വർധിക്കാൻ സാധ്യത

Update: 2026-03-01 08:49 GMT
Editor : Mufeeda | By : Web Desk

ദുബൈ: പശ്ചിമേഷ്യയിലെ വ്യോമഗതാഗതത്തെ താറുമാറാക്കി ഇറാൻ-ഇസ്രായേൽ സംഘർഷം. മേഖലയിലുടനീളം ഇന്ന് മാത്രം 700-ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ സിറിയം അറിയിച്ചു. ഗൾഫ് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന 4,329 വിമാനങ്ങളിൽ 716 എണ്ണമാണ് ഔദ്യോഗികമായി റദ്ദാക്കപ്പെട്ടത്. വരും മണിക്കൂറുകളിൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ എണ്ണം ഇനിയും വർധിച്ചേക്കും.

ഇന്നലെ മാത്രം വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലായി ഇൻബൗണ്ട്, ഔട്ട്ബൗണ്ട് വിഭാഗങ്ങളിൽ 1,800- ലധികം വിമാനങ്ങൾ റദ്ദാക്കപ്പെട്ടിരുന്നു. ഇതിൽ 966 സർവീസുകളും നേരിട്ടുള്ള സൈനിക സംഘർഷം കാരണമാണ് മുടങ്ങിയത്. ഇറാനും ഇസ്രായേലും തമ്മിലുള്ള മിസൈൽ ആക്രമണങ്ങളും തെഹ്റാനിൽ യുഎസ് നടത്തിയ സൈനിക നടപടികളും കാരണം ഒമാൻ ഒഴികെയുള്ള മേഖലയിലെ പല രാജ്യങ്ങളും വ്യോമാതിർത്തികൾ ഭാഗികമായോ പൂർണമായോ അടച്ചിട്ടിരിക്കുകയാണ്. പല വിമാനക്കമ്പനികളും ഷെഡ്യൂളുകൾ ഔദ്യോഗികമായി റദ്ദാക്കിയിട്ടില്ലെങ്കിലും, സുരക്ഷാ ഭീഷണിയും വ്യോമാതിർത്തികൾ അടച്ചതും കാരണം ഭൂരിഭാഗം വിമാനങ്ങളും സർവീസ് നടത്താൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എമിറേറ്റ്സ്, ഖത്തർ എയർവേസ്, ഇത്തിഹാദ്, ഫ്‌ളൈദുബൈ, എയർ അറേബ്യ തുടങ്ങിയ ഗൾഫ് വിമാനങ്ങൾക്കു പുറമെ ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ,എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നീ കമ്പനികളും സർവീസുകൾ റദ്ദാക്കി. കൂടാതെ വിവിധഎയർലൈനുകളും സർവീസുകൾ വെട്ടിച്ചുരുക്കി. യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News