ഇറാൻ മിസൈലാക്രമണം: അബൂദബിയിൽ പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടു
നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം
അബൂദബി: യുഎഇ തലസ്ഥാനമായ അബൂദബിയിൽ ഇറാൻ മിസൈലാക്രമണത്തിൽ പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടു. നഗരത്തിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ചാണ് മരണം. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി ബാലിസ്റ്റിക് മിസൈലുകൾ യുഎഇ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ സ്ഥിതിഗതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഏതൊരു ഭീഷണിയെയും നേരിടാൻ പൂർണമായും തയ്യാറാണെന്നും രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിടുന്ന എന്തിനെയും ശക്തമായി നേരിടാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ നേടണമെന്നും കിംവദന്തികളോ വിശ്വസനീയമല്ലാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി
പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, യുഎഇയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി. ജാഗ്രത പാലിക്കണമെന്നും യുഎഇ അധികൃതരും എംബസിയും പുറപ്പെടുവിക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ കോൺസുലേറ്റ് ജനറലും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ആവശ്യാനുസരണം അപ്ഡേറ്റുകൾ നൽകുമെന്നും അറിയിച്ചു.
യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര അന്വേഷണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
ടോൾ ഫ്രീ നമ്പർ: 800-46342
വാട്ട്സ്ആപ്പ്: +971543090571
ഇമെയിൽ: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in