അറസ്റ്റിലായ യാചകരിൽ ഭൂരിഭാഗവും ഹ്രസ്വകാല വിസയിലുള്ളവർ; റമദാനിലെ സംഘടിത യാചകരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

ലൈസൻസുള്ള ചാരിറ്റികൾ വഴി സംഭാവന കൈമാറണം

Update: 2026-02-24 11:50 GMT

ദുബൈ: റമദാനിൽ യുഎഇയിൽ സംഘടിത യാചന വർധിക്കുന്നതായി അധികൃതർ. പൊതുജനങ്ങളുടെ ഉദാരത ചൂഷണം ചെയ്യാനായി പലരും രാജ്യത്തേക്ക് ഹ്രസ്വകാല വിസകളിലെത്തുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റമദാനിൽ അറസ്റ്റിലായ യാചകരിൽ ഭൂരിഭാഗവും ഹ്രസ്വകാല വിസയിലുള്ള സന്ദർശകരാണെന്ന് ദുബൈ പൊലീസ് പറയുന്നു.

2025 ൽ റമദാൻ, ഈദുൽ ഫിത്വർ കാലയളവിൽ മാത്രം ദുബൈയിൽ 222 യാചകരെയാണ് അറസ്റ്റ് ചെയ്തത്. റമദാൻ ആദ്യ പകുതിയിൽ മാത്രം 127 പേരെ പിടികൂടി. മറ്റ് എമിറേറ്റുകളിലും സമാന നടപടികളുണ്ടായതായി പൊലീസ് പറയുന്നു. 2025-ൽ ഇതേ കാലയളവിൽ അബൂദബി പൊലീസ് 237 യാചകരെയും ഷാർജ പൊലീസ് 144 പേരെയും റാസൽഖൈമ പൊലീസ് 51 പേരെയും അറസ്റ്റ് ചെയ്തു. പല യാചകരും ഒറ്റയ്ക്കല്ല പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണങ്ങൾ തെളിയിക്കുന്നതെന്നാണ് റിപ്പോർട്ട്.

Advertising
Advertising

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യാചനക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ആന്വൽ കോംബാറ്റിങ് ബെഗ്ഗിങ് കാമ്പയിനിലൂടെ നടപടി. 2021 നും 2025 നും ഇടയിൽ ദുബൈ പൊലീസ് 1,801 യാചകരെ അറസ്റ്റ് ചെയ്തു. 2021 ൽ 458, 2022 ൽ 318, 2023 ൽ 499, 2024 ൽ 320, 2025 ൽ 206 എന്നിങ്ങനെയാണ് നടപടി.

അതേസമയം, ഓൺലൈൻ യാചനക്കെതിരെയും ദുബൈ പൊലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 34 പ്രകാരം, ഓൺലൈൻ യാചനയ്ക്ക് മൂന്ന് മാസം വരെ തടവും 10,000 ദിർഹം മുതൽ പിഴയും ലഭിക്കും.

പള്ളികളുടെ പ്രവേശന കവാടങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, മാർക്കറ്റുകൾ, തെരുവുകൾ എന്നിവിടങ്ങൾ ലക്ഷ്യമിട്ട് യാചകരെത്തുകയാണെന്ന് സസ്പീഷ്യസ് പേഴ്‌സൺസ് ആൻഡ് ക്രിമിനൽ ഫിനോമിനാ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സാലിം അൽ ഷംസി പറഞ്ഞു. 901 കോൾ സെന്റർ വഴിയോ ദുബൈ പൊലീസ് ആപ്പിലെ പൊലീസ് ഐ ഫീച്ചർ വഴിയോ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും ലൈസൻസുള്ള ചാരിറ്റികൾ വഴി സംഭാവനകൾ കൈമാറണമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News