'മേഖലയെ അസ്ഥിരപ്പെടുത്താൻ ഇസ്രായേൽ ശ്രമിക്കുന്നു'; ലെബനാന് പിന്തുണയുമായി അറബ് പാർലമെന്റ്

പ്രതിസന്ധി മറികടക്കാൻ ലെബനാനൊപ്പം നിൽക്കുമെന്ന് അറബ് പാർലമെന്റ് സ്പീക്കർ

Update: 2026-04-09 06:32 GMT

ലെബനാന് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ മേഖലയെ വലിയ അസ്ഥിരതയിലേക്ക് തള്ളിവിടുമെന്ന് അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമാഹി പ്രസ്താവിച്ചു. നൂറുകണക്കിന് സാധാരണക്കാരുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഇസ്രായേൽ സൈന്യത്തിന്റെ നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു.

ഇസ്രായേലിന്റെ ഈ നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ അട്ടിമറിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ജനവാസ മേഖലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി മറികടക്കാൻ ലെബനാനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെ ലെബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കും സാധാരണക്കാർക്കും നേരെ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് അറബ് പാർലമെന്റ് നിലപാട് വ്യക്തമാക്കിയത്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News