‘ഇറാനെ വലുതാക്കി’; നെതന്യാഹുവിന് എതിരെ തിരിഞ്ഞ് ഇസ്രായേലിലെ നേതാക്കൾ

പ്രധാനമായും ഇസ്രായേലിനെ ഈ ചർച്ചകളിൽ ഉൾപ്പെടുത്തിയില്ല എന്നതാണ് വിമർശനം

Update: 2026-04-08 16:44 GMT

റിയാദ്: ഇസ്രായേലിന് യുദ്ധലക്ഷ്യങ്ങൾ നേടാനാകാതെ ചരിത്ര പരാജയം നൽകിയതിന്റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്ന് പ്രതിപക്ഷ പാർട്ടികൾ. യുദ്ധത്തോടെ ഇറാനിലെ ഭരണകൂടം ശക്തമായെന്നും വിമർശകർ പറയുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ആണവ സമ്പുഷ്ടീകരണവും ഇസ്രായേലിന് ഒന്നും ചെയ്യാനായില്ല. അവസാനം വെടിനിർത്തൽ ചർച്ചയിൽ പോലും ഇസ്രായേലിന് ഇടം കിട്ടിയില്ലെന്നും രാഷ്ട്രീയ നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ വർഷം പന്ത്രണ്ട് ദിന യുദ്ധത്തിൽ നടന്നതിന് സമാനമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് നേരെയുള്ള ആഭ്യന്തര വിമർശനം. അമേരിക്കയും ഇറാനും തമ്മിൽ ഉണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിനെതിരെ ഇസ്രായേലിൽ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്. പ്രധാനമായും ഇസ്രായേലിനെ ഈ ചർച്ചകളിൽ ഉൾപ്പെടുത്തിയില്ല എന്നതാണ് വിമർശനത്തിന്റെ മർമം. ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര ദുരന്തമാണ് വെടിനിർത്തൽ കരാറെന്ന് പ്രതിപക്ഷ നേതാവും യേഷ് അതീദ് പാർട്ടി തലവനുമായ യൈർ ലാപിഡ് പറഞ്ഞു.

Advertising
Advertising

ദേശീയ സുരക്ഷയുടെ കാതലായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഇസ്രായേലിനെ അറിയിച്ചില്ല. സൈന്യം പരമാവധി നാശം ഇറാനിലുണ്ടാക്കി. ജനവും കൂടെ നിന്നു. എന്നിട്ടും ആസൂത്രണം ഇല്ലാതിരുന്നത് തന്ത്രപരമായ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ലാപിഡ് വിശദീകരിച്ചു. ചരിത്രപരമായ വിജയവും തലമുറകൾക്ക് സുരക്ഷയും വാഗ്ദാനം ചെയ്ത് ആരംഭിച്ച ഇറാൻ യുദ്ധം ഗുരുതരമായ തന്ത്രപരമായ പരാജയമാണെന്ന് ലെഫ്റ്റ് ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യൈർ ഗോലാനും വിമർശിച്ചു.

ഇസ്രായേലിന്റെ രക്തം ചിന്തി, നിരവധി പേർ മരിച്ചു, സൈനികരടക്കം കൊല്ലപ്പെട്ടു, ഭൂരിഭാഗം ജനതയും ഷെൽട്ടറുകളിലായി. എന്നിട്ടും ഇറാന്റെ ആണവകേന്ദ്രം നശിപ്പിക്കപ്പെട്ടില്ല. ബാലിസ്റ്റിക് ഭീഷണി നിലനിൽക്കുന്നു. ഇറാന്റെ ഭരണകൂടം യുദ്ധത്തോടെ ശക്തിപ്രാപിച്ചെന്നും അദ്ദേഹം വിമർശിച്ചു. വെടിനിർത്തൽ യുദ്ധത്തിന് കൂടുതൽ സജ്ജമാകാൻ ഇറാന് അവസരമൊരുക്കുമെന്ന് ഹോക്കിഷ് യിസ്രായേൽ ബെയ്തേനു പാർട്ടി നേതാവ് അവിഗ്ദോർ ലിബർമാനും മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള ഏതൊരു കരാറും നമ്മെ ഇസ്രായേലിനെ ദുരന്ത സാഹചര്യത്തിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നാണ് ലിബർമാന്റെ മുന്നറിയിപ്പ്. നെതന്യാഹുവിന്റെ സ്വന്തം സഖ്യകക്ഷിയായ ഫാർ റൈറ്റ് ഒട്സ്മ യഹൂദിത്ത് പാർട്ടി ട്രംപിനെ ഡോണൾഡ് ഡെക്ക് എന്നാണ് വിളിച്ചത്. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News