യുഎസ്-ഇറാൻ വെടിനിർത്തൽ; ഹോർമുസ് വഴിയുള്ള കപ്പൽ ​ഗതാ​ഗതം പൂർണതോതിലാകാൻ രണ്ടാഴ്ചയെങ്കിലും സമയമെടുക്കും

പ്രോട്ടോകോൾ സംബന്ധിച്ചുള്ള ആശയക്കുഴപ്പവും ലെബനാനിലെ സാഹചര്യം വഷളാകുന്നതും ഷിപ്പിങ് നീക്കം തടസ്സപ്പെടുത്തും

Update: 2026-04-08 15:27 GMT

റിയാദ്: വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ഹോർമുസ് വഴി യാത്ര പൂർണതോതിലാകാൻ രണ്ടാഴ്ചയെങ്കിലും സമയമെടുക്കും. ആയിരത്തിലധികം കപ്പലുകളിൽ രണ്ടെണ്ണം മാത്രമാണ് ഇന്ന് ഇറാന്റെ ക്ലിയറൻസ് ലഭിച്ച് ഹോർമൂസ് കടന്നത്. ഇന്ത്യൻ എണ്ണക്കമ്പനികളെല്ലാം വൻകിട ഷിപ്പിങ് ലൈനുകളെ ബന്ധപ്പെടുന്നുണ്ടെങ്കിലും ആരും ചരക്കു നീക്കത്തിന് തയ്യാറായിട്ടില്ല. പ്രോട്ടോകോൾ സംബന്ധിച്ചുള്ള ആശയക്കുഴപ്പവും ലെബനാനിലെ സാഹചര്യം വഷളാകുന്നതും ഷിപ്പിങ് നീക്കം തടസ്സപ്പെടുത്തും.

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ പ്രതീക്ഷയിലാണ് ഗൾഫ് മേഖലയിലെ റിഫൈനറികളും ഷിപ്പിങ് കമ്പനികളും. എന്നാൽ ലോജിസ്റ്റിക്സ്, സുരക്ഷ, ഫീസ് എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ സംശയങ്ങൾ തുടരുകയാണ്. ഏകദേശം 187 ലേഡൻ ടാങ്കറുകൾ ഹോർമൂസിലുണ്ട്. ഇവയിലാകെ 172 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലും റിഫൈൻഡ് ഉൽപ്പന്നങ്ങളും ഉണ്ടെന്നാണ് ഷിപ്പ് ട്രാകിങ് ഏജൻസികളുടെ കണക്ക്. എല്ലാ സംശയങ്ങളും നീങ്ങിയാലും, ഗൾഫിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന 1,000-ലധികം കപ്പലുകൾ പൂർണമായി ക്ലിയർ ചെയ്യാൻ സാധാരണ സാഹചര്യത്തിൽ പോലും രണ്ടാഴ്ചയിലധികം വേണ്ടിവരും.

Advertising
Advertising

ഇതിനാൽ 14 ദിവസത്തെ വെടിനിർത്തൽ പോലും ദൈർഘ്യം കുറഞ്ഞതാണെന്നും ഷിപ്പ് ഉടമകൾക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടാൻ കൂടുതൽ സമയം ആവശ്യമാണെന്നും ഷിപ്പിങ് കമ്പനികകൾ പറയുന്നു. ഏഷ്യൻ റിഫൈനറികളിലെ റിലയൻസ്, ഇന്ത്യൻ ഓയിൽ, സിഎൻഒഒസി, ടോട്ടൽ എനർജീസ്, ഗ്ലെൻകോർ തുടങ്ങിയവ ഇതിനകം തന്നെ ചരക്കു നീക്കത്തിന് ശ്രമം തുടങ്ങിയിട്ടില്ല. ഗൾഫിലെ ക്രൂഡോയിൽ എത്തിക്കാൻ ഇവർ വലിയ ടാങ്കറുകൾക്കായി അന്വേഷത്തിലാണ്. എന്നാൽ ഭൂരിഭാഗം ഷിപ്പ് ഉടമകളും നിലവിൽ ചരക്കു നീക്കത്തിലേക്കില്ല.

വെടിനിർത്തൽ നടപ്പാകുന്നുവെന്ന് ഉറപ്പായാലേ കപ്പലുകൾ പുറപ്പെടൂ. വെടിനിർത്തൽ കരാർ പ്രകാരം ലെബനാനിലും ആക്രമണം നിർത്തണമെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ ഇന്നു മാത്രം നൂറുകണക്കിന് സാധാരണക്കാരെ ലെബനാനിൽ ഇസ്രായേൽ ബോംബിട്ട് കൊന്നിട്ടുണ്ട്. ഇത് തുടർന്നാൽ പിൻവാങ്ങുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ട്രംപിന്റെ ഇടപെടലും നിർണായകമാകും.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News