തീർഥാടകരുടെ യാത്രക്കും സേവനം ലഭിക്കാനും നുസുക് കാർഡ് അനിവാര്യം: സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

ഹജ്ജ് കാലയളവിൽ മുഴുവൻ കാർഡ് കയ്യിൽ വേണം, ഡിജിറ്റൽ പതിപ്പ് ലഭ്യം

Update: 2026-04-07 16:00 GMT

മക്ക:തീർഥാടകരുടെ യാത്രക്കും സേവനം ലഭിക്കാനും നുസുക് കാർഡ് അനിവാര്യമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. നുസുക്, തവക്കൽന ആപ്പുകൾ വഴി നുസുക് കാർഡിന്റെ ഡിജിറ്റൽ പതിപ്പ് ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. തീർഥാടകരുടെ നിയമപരമായ പദവി ഉറപ്പുനൽകുന്നതും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ഔദ്യോഗിക രേഖയാണ് നുസുക് കാർഡെന്നും മന്ത്രാലയം പറഞ്ഞു. പുണ്യസ്ഥലങ്ങൾക്കിടയിലുള്ള അവരുടെ സഞ്ചാരം സുഗമമാക്കുന്നതിനൊപ്പം, മക്കയിലേക്കും മസ്ജിദുൽ ഹറമിലേക്കും തീർഥാടകരുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പ്രധാന സംവിധാനമാണ് നുസുക് കാർഡെന്നും വിശദീകരിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പ്രവർത്തന പദ്ധതികൾ ഇത് അനുസരിച്ചാണ് നടക്കുക.

Advertising
Advertising

നുസുക് കാർഡിന്റെ ഡിജിറ്റൽ പതിപ്പ് വഴി തീർഥാടകർക്ക് അവരുടെ ഡാറ്റ ലഭിക്കും. ഏത് സമയത്തും ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്കുള്ള ആക്സസും ലഭ്യമാകും. ഓരോ തീർഥാടകനും അംഗീകൃത സേവന ദാതാക്കൾ വഴിയാണ് കാർഡ് വിതരണം ചെയ്യുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് കാർഡ് ലഭിച്ചില്ലെങ്കിൽ തീർഥാടകർ അവരുമായി ബന്ധപ്പെട്ട കമ്പനിയുമായി ഉടൻ ബന്ധപ്പെടണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. നടപടിക്രമങ്ങൾ തടസ്സങ്ങളില്ലാതെ പൂർത്തിയാക്കാൻ ഇത് വേണമെന്നും പറഞ്ഞു.

സേവനങ്ങൾ നേടാനും പുണ്യസ്ഥലങ്ങളിലൂടെ സഞ്ചരിക്കാനുമുള്ള പ്രാഥമിക മാർഗം നുസുക് കാർഡ് ആയതിനാൽ, ഹജ്ജ് കാലയളവിൽ എല്ലായ്പ്പോഴും നുസുക് കാർഡ് കൊണ്ടുപോകണമെന്നും ഓർമിപ്പിച്ചു. സംഘാടന ഗുണനിലവാരം വർധിപ്പിക്കാനും സുരക്ഷിതവും സൗകര്യപ്രദവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News