ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു; റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ
5 സെ.മീ നീളമുള്ള ആണിയാണ് പുറത്തെടുത്തത്
റിയാദ്: ശ്വാസനാളത്തിൽ അഞ്ച് സെ.മീ നീളമുള്ള ആണി കുടുങ്ങി അതീവ ഗുരുതരാവസ്ഥയിലായ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് റിയാദിൽ പുതുജീവൻ. റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.
അബദ്ധത്തിൽ ആണി വിഴുങ്ങിയ കുഞ്ഞിന് ശ്വസിക്കാൻ കടുത്ത പ്രയാസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആണി ശ്വാസനാളത്തിൽ തങ്ങിനിന്നത് കുഞ്ഞിന്റെ നില അതീവ ഗുരുതരമാക്കി. ഉടൻ തന്നെ കുഞ്ഞിനെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റുകയും 'റിജിഡ് ബ്രോങ്കോസ്കോപ്പി' എന്ന അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആണി പുറത്തെടുക്കുകയുമായിരുന്നു. തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ അംസിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
പിഞ്ചുകുഞ്ഞുങ്ങളിൽ ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നതിന് ഉയർന്ന പ്രൊഫഷണലിസവും അത്യാധുനിക ഉപകരണങ്ങളും ആവശ്യമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കിങ് സൗദ് മെഡിക്കൽ സിറ്റിയിലെ പീഡിയാട്രിക് സർജറി വിഭാഗത്തിലെ വിപുലമായ സൗകര്യങ്ങളാണ് ദൗത്യം വിജയകരമാക്കാൻ സഹായിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. വിദഗ്ധ ചികിത്സയ്ക്കു ശേഷം കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു.