നിയമസഭാ തെരഞ്ഞെടുപ്പ്: പ്രവാസി അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം: ജിദ്ദയിൽ ചർച്ചാ സംഗമം

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു

Update: 2026-04-05 15:26 GMT

ജിദ്ദ: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രവാസ ലോകത്തിന്റെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് സംഘടിപ്പിച്ച പാനൽ ഡിബേറ്റ് ശ്രദ്ധേയമായി. 'കേരളം @ 2026: പ്രവാസത്തിന്റെ നിലപാടും പ്രതീക്ഷകളും’ എന്ന പ്രമേയത്തിൽ നടന്ന ചർച്ചയിൽ പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയമാണെന്ന വിമർശനം ശക്തമായി ഉയർന്നു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കുന്ന രീതിയിലുള്ള നിലപാടുകളാണ് ഇടത് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും പ്രവാസികളെ വെറും വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം അവരെ അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്ടിങ് പ്രസിഡന്റ് അബ്ദുൽ റസാഖ് മാസ്റ്റർ ചടങ്ങിൽ പ്രവാസികളുടെ ആശങ്കകൾ വിശദീകരിച്ചു.

Advertising
Advertising

പ്രവാസി പെൻഷൻ എന്നത് സർക്കാർ നൽകുന്ന ഔദാര്യമല്ല, മറിച്ച് അത് പ്രവാസിയുടെ അവകാശമായി ഉറപ്പാക്കണമെന്ന് ചർച്ച നിയന്ത്രിച്ച മീഡിയ വിങ് ചെയർമാൻ സുൽഫിക്കർ ഒതായി അഭിപ്രായപ്പെട്ടു. ഇതിനായി സർക്കാർ തലത്തിൽ വ്യക്തമായ സംവിധാനങ്ങൾ വേണമെന്നും പ്രവാസികൾക്ക് ഭരണകൂടത്തിൽ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രവാസി ചാർട്ടർ സ്ഥാപിക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ എൻ.ആർ.ഐ ക്വാട്ട പ്രവാസികളെ ചൂഷണം ചെയ്യാനുള്ള മാർഗമായി മാറുകയാണെന്നും ഫീസ് ഘടന ഏകീകരിച്ച് ഇതിന് പരിഹാരം കാണണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധിയും പെൻഷനും കാലാനുസൃതമായി പരിഷ്കരിക്കുക, മടങ്ങിയെത്തുന്നവർക്കായി ഫലപ്രദമായ പുനരധിവാസ പദ്ധതികൾ നടപ്പാക്കുക, വോട്ടവകാശത്തിനായി പ്രോക്സി വോട്ട് അല്ലെങ്കിൽ ഇ-ബാലറ്റ് സംവിധാനങ്ങൾ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ പ്രമുഖമായി ഉയർന്നു വന്നു. പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന വിമാന ടിക്കറ്റ് നിരക്ക് വർധനവിന് സ്ഥിരമായ പരിഹാരം കാണണമെന്നും പങ്കെടുത്തവർ ആവശ്യപ്പെട്ടു.

വിവിധ സാമൂഹിക, രാഷ്ട്രീയ, മാധ്യമ മേഖലകളിൽ നിന്നായി നിരവധി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ഹക്കീം പാറക്കൽ, ഗഫൂർ കൊണ്ടോട്ടി, വാസു, സിബി ജോർജ്, കെ.വി. നാസർ, മറിയം ടീച്ചർ, മുഹ്സിന ശരീഫ്, മുംതാസ് ടീച്ചർ, ഷമീല മൂസ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, അബ്ബാസ് ചെമ്പൻ, ഉബൈദുള്ള തങ്ങൾ, സിദ്ദീഖ്, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, ഇല്യാസ് തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. നാസർ വെളിയങ്കോട് ചർച്ച ഉപസംഹരിച്ചു. മീഡിയ വിങ് കൺവീനർ ജാഫർ പാലകോട് സ്വാഗതവും മൂസ പട്ടത്ത് നന്ദിയും പറഞ്ഞു. നൗഫൽ ഉള്ളാടൻ, ബാദുഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News