അതിവേഗം അതിർത്തി കടക്കാം!; സൗദിയിൽ ട്രാൻസിറ്റ് ഗതാഗതത്തിന് ഇനി ബാങ്ക് ഗ്യാരണ്ടി നിർബന്ധമില്ല
ആഭ്യന്തര ചരക്കു വാഹനങ്ങൾക്ക് പ്രത്യേക ലൈസൻസ് പ്ലേറ്റുകളും ആവശ്യമില്ല
റിയാദ്: സൗദിയിലെ തുറമുഖങ്ങൾ വഴിയുള്ള വ്യാപാര നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി ട്രാൻസിറ്റ് ഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന ബാങ്ക് ഗ്യാരണ്ടിയും പ്രത്യേക മെറ്റൽ ലൈസൻസ് പ്ലേറ്റുകളും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി (ZATCA) ഒഴിവാക്കി. കസ്റ്റംസ് ക്ലിയറൻസ് സംവിധാനം കൂടുതൽ അയവുള്ളതാക്കാനും കര, കടൽ, വ്യോമ മാർഗങ്ങളിലൂടെയുള്ള ചരക്ക് നീക്കം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ നടപടി. ട്രാൻസിറ്റ് ഗതാഗത പ്രവർത്തനങ്ങൾ നടത്താൻ ഏർപ്പെടുത്തിയിരുന്ന ബാങ്ക് ഗ്യാരണ്ടിയാണ് നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കിയത്.
ഇത് വ്യാപാര രംഗത്തെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും ചരക്ക് നീക്കം സുഗമമാക്കാനും സഹായിക്കും. രാജ്യത്തെ വിമാനത്താവളങ്ങൾക്കും കടൽ തുറമുഖങ്ങൾക്കും ഇടയിൽ ആഭ്യന്തര ട്രാൻസിറ്റ് സംവിധാനം വഴി ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഇനി മുതൽ പ്രത്യേക ട്രാൻസിറ്റ് മെറ്റൽ പ്ലേറ്റുകളും നിർബന്ധമില്ല. ഇത് പ്രവർത്തന നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. ലോജിസ്റ്റിക്സ് മേഖലയുടെ ശേഷി വർധിപ്പിക്കുകയും ഗുണഭോക്താക്കൾക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.