Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ജിദ്ദ: മക്ക മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾ പിടിച്ചെടുക്കാൻ കാപിറ്റൽ മുനിസിപ്പാലിറ്റി. നഗരത്തിലെ വാണിജ്യ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും ശുചിത്വവും സൗന്ദര്യവും ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കം. റോഡരികുകളിലും, നടപ്പാതകളിലും, പൊതു സൗകര്യങ്ങളിലും ഉപേക്ഷിക്കപ്പെട്ടതോ പാർക്ക് ചെയ്തതോ ആയ ട്രക്കുകൾ 72 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് അധികൃതർ ഉടമകൾക്ക് നിർദേശം നൽകി.
നിശ്ചിത സമയപരിധിക്കുള്ളിൽ നിർദേശം പാലിച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്നും പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഫുഡ് ട്രക്ക് രംഗത്ത് കൃത്യമായ അച്ചടക്കം കൊണ്ടുവരാനും നിയമപരമായി ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്ന സംരംഭകർക്ക് സുരക്ഷിതമായ ബിസിനസ് സാഹചര്യം ഒരുക്കാനുമാണ് നഗരസഭ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിലെ റോഡുകൾ, പാർക്കുകൾ, നടപ്പാതകൾ തുടങ്ങിയ പൊതു ഇടങ്ങൾ അനിയന്ത്രിതമായി കൈയേറുന്നത് തടയാനും നടപടിയിലൂടെ സാധിക്കും.