ജാഗ്രതാ നിർദേശം ഒഴിഞ്ഞു; കിങ് ഫഹദ് കോസ്‌വേയിൽ വാഹന ഗതാഗതം പുനരാരംഭിച്ചു
ആക്രമണ ഭീഷണികളെ തുടർന്നായിരുന്നു സൗദിയേയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന പാത ഇന്ന് പുലർച്ചെ അടച്ചത്
ദമ്മാം: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കിങ് ഫഹദ് കോസ്‌വേ വഴി താൽകാലികമായി നിർത്തിവെച്ചിരുന്ന വാഹന ഗതാഗതം പുനരാരംഭിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം കോസ്‌വേ അതോറിറ്റിയാണ് എക്‌സ് പ്ലാറ്റ്‌ഫോം വഴി ഗതാഗതം സാധാരണ നിലയിലായ വിവരം അറിയിച്ചത്. ഇന്ന് പുലർച്ചെ നാഷണൽ ഏർലി വാണിങ് പ്ലാറ്റ്ഫോം നൽകിയ ആക്രമണ മുന്നറിയിപ്പിനെത്തുടർന്നാണ് ദമ്മാമിനെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് സിവിൽ ഡിഫൻസ് വിഭാഗം അപകടസാധ്യത ഒഴിഞ്ഞു എന്ന് സ്ഥിരീകരിച്ചതോടെയാണ് വാഹനങ്ങൾ കടത്തിവിടാൻ തീരുമാനിച്ചത്.
കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായേക്കാവുന്ന ആക്രമണസാധ്യതകളെക്കുറിച്ച് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് സ്ഥിതിഗതികൾ ശാന്തമായെന്നും അപകടസാധ്യത ഒഴിഞ്ഞുവെന്നും വ്യക്തമാക്കുന്ന പുതിയ സന്ദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാ സേന. കിഴക്കൻ പ്രവിശ്യയെയും റിയാദിനെയും ലക്ഷ്യമിട്ടെത്തിയ 900ത്തിലധികം ഡ്രോണുകളും നൂറോളം മിസൈലുകളും സൗദി പ്രതിരോധ സേന ഇതിനോടകം വിജയകരമായി തകർത്തിട്ടുണ്ട്.