എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒപെക് രാജ്യങ്ങൾ; മെയ് മുതൽ പ്രതിദിനം പുതിയ ക്രമീകരണം
തകരുന്ന പ്ലാന്റുകളുടെ പുനർനിർമാണം ദുഷ്‌കരവും ചിലവേറിയതാണെന്നും യോഗം വിലയിരുത്തി
ആഗോള എണ്ണ വിപണിയിൽ സുസ്ഥിരത ഉറപ്പാക്കാൻ പ്രതിദിന എണ്ണ ഉൽപാദനത്തിൽ വർധനവ് വരുത്താൻ ഒപെക് പ്ലസ് കൂട്ടായ്മയിലെ എട്ട് രാജ്യങ്ങൾ തീരുമാനിച്ചു. വീഡിയോ കോൺഫറൻസ് വഴി ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രതിദിനം 2,06,000 ബാരൽ അധികമായി ഉൽപാദിപ്പിക്കാൻ ധാരണയായത്. സൗദി അറേബ്യ, റഷ്യ, യുഎഇ, ഇറാഖ്, കുവൈത്ത്, കസാക്കിസ്താൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. 2023 ഏപ്രിലിൽ പ്രഖ്യാപിച്ച 1.65 ദശലക്ഷം ബാരലിന്റെ ഉൽപാദന നിയന്ത്രണത്തിൽ നിന്നാണ് ഈ പുതിയ മാറ്റം വരുത്തുന്നത്. വരാനിരിക്കുന്ന മെയ് മാസം മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഉൽപാദനം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുമെന്നും രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഊർജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും കടൽ വഴിയുള്ള ചരക്ക് നീക്കത്തിന് നേരിടുന്ന തടസ്സങ്ങളിലും യോഗം ശക്തമായ ആശങ്ക രേഖപ്പെടുത്തി. ഇത്തരം അനിശ്ചിതത്വങ്ങൾ വിപണിയിലെ വിലക്കയറ്റത്തിനും അസ്ഥിരതയ്ക്കും കാരണമാകുമെന്ന് ഒപെക് പ്ലസ് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. നശിപ്പിക്കപ്പെടുന്ന ഊർജ നിലയങ്ങൾ പുനഃസ്ഥാപിക്കുന്നത് ചിലവേറിയതും സമയമെടുക്കുന്നതുമായ പ്രക്രിയയായതിനാൽ, അന്താരാഷ്ട്ര ഊർജ വിതരണ ശൃംഖലയെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി. സുരക്ഷിതമായ സമുദ്രപാതകൾ ഉറപ്പാക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയുടെ സുഗമമായ മുന്നോട്ടുപോക്കിന് അത്യാവശ്യമാണെന്ന് അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വിപണിയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി വരും മാസങ്ങളിലും കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേരാൻ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. 2024 ജനുവരി മുതൽ ഉൽപാദന പരിധി ലംഘിച്ച രാജ്യങ്ങൾ അത് പരിഹരിക്കണമെന്നും പൂർണമായ സഹകരണം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അടുത്ത അവലോകന യോഗം മെയ് 3ന് നടക്കും. എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെയും ഉപഭോക്താക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി വഴക്കമുള്ള നിലപാടുകൾ സ്വീകരിക്കുമെന്നും, വിപണിയിലെ ആവശ്യകത അനുസരിച്ച് ഉൽപാദനത്തിൽ മാറ്റങ്ങൾ വരുത്താൻ തങ്ങൾ സജ്ജമാണെന്നും ഒപെക് പ്ലസ് രാജ്യങ്ങൾ ആവർത്തിച്ചു വ്യക്തമാക്കി.