ദുബൈക്ക് 205 ശതകോടി ദിർഹം ബജറ്റ്; അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഊന്നൽ
മുൻ വർഷ ബജറ്റിൽ മൊത്തം ചെലവ് 181ശതകോടി ദിർഹമായിരുന്നു.
മൂന്നുവർഷത്തെ ദുബൈ ബജറ്റിന് അനുമതി. 2023-2025 വർഷത്തെ ബജറ്റിൽ 205 ബില്യൺ ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തെ ബജറ്റിൽ 67.5 ശതകോടി ദിർഹം ചെലവും 69 ശതകോടി ദിർഹം വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ബജറ്റിന് അംഗീകാരം നൽകിയത്.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
ബജറ്റ് ദുബൈയുടെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൗരന്മാരുടെ താൽപര്യങ്ങൾ ഉറപ്പാക്കുക, ബിസിനസ് മേഖലയ്ക്ക് പൂർണ പിന്തുണ നൽകുക, പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനങ്ങൾ നൽകുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയാണ് ബജറ്റ്.
മുൻ വർഷ ബജറ്റിൽ മൊത്തം ചെലവ് 181ശതകോടി ദിർഹമായിരുന്നു. റിയൽ എസ്റ്റേറ്റ്, ഏവിയേഷൻ, ട്രാവൽ ആൻഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യാപാരം തുടങ്ങിയ ദുബൈ സമ്പദ്വ്യവസ്ഥയുടെ സുപ്രധാന മേഖലകളിൽ നല്ല ഉണർവാണുള്ളത്. ബജറ്റ് വിഹിതത്തിൽ 41 ശതമാനം അടിസ്ഥാന സൗകര്യ മേഖലയുമായി ബന്ധപ്പെട്ടാണ്. സാമൂഹിക വികസനത്തിന് 34 ശതമാനവും സുരക്ഷ, നീതി മേഖലക്ക് 20 ശതമാനവും ചെലവിടും.