ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർക്ക് യാത്രയയപ്പ് സംഗമം ഒരുക്കി ഐ.സി.ആർ. എഫ്
ബഹ്‌റൈനിലെ തന്റെ കാലാവധി പൂർത്തിയാക്കുന്ന അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കുന്നതിനായി ഡൽഹിയിലേക്ക് യാത്രയാകും
ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട്- ഐ.സി.ആർ. എഫിൻറെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവക്ക് യാത്രയയപ്പ് നൽകി. ബഹ്‌റൈനിലെ തന്റെ കാലാവധി പൂർത്തിയാക്കുന്ന അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കുന്നതിനായി ഡൽഹിയിലേക്ക് യാത്രയാകും. ബഹ് റൈനിൽ പ്രവാസികളുടെ മനം കവർന്ന ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവക്കും പത്നി മോണിക്ക ശ്രീവാസ്തവക്കും സ്നേഹോഷ്മളമായ യാത്രയയപ്പാണു ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട്- ഐ.സി.ആർ. എഫിൻറെ നേത്യത്വത്തിൽ ഒരുക്കിയത്.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രമുഖ വ്യക്തിത്വങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ക്രൗൺ പ്ലാസ ഹോട്ടലിൽ ഒരുക്കിയ യാതയയപ്പ് സംഗമം. ചടങ്ങിൽ ഐ.സി.ആർ.എഫ് ഭാരവാഹികൾ അംബാസഡറെയും പത്നിയെയും ആദരിച്ചു. ബഹ്‌റൈൻ സർക്കാറിൽനിന്നും ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളിൽനിന്നും ലഭിച്ച ഊഷ്മള സ്വീകരണത്തിനും പിന്തുണക്കും സ്നേഹത്തിനും നന്ദി രേഖപ്പെടുത്തിയായിരുന്നു അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ വാക്കുകൾ.
ചരിത്രപരമായി ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ അംബാസഡറുടെ പ്രവർത്തനങ്ങൾ മികച്ച സ്വാധീനം ചെലുത്തിയതായി ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു. ബഹ്‌റൈനിലെ സർക്കാർ ഉദ്യോഗസ്ഥരുമായും പ്രാദേശിക സംഘടനകളുമായും അദ്ദേഹം മികച്ച ബന്ധം പുലർത്തി. സമൂഹത്തിൻറെ വിവിധ തുറകളിലുള്ളവരുമായും സാധാരണക്കാരായ പ്രവാസികളുമായും നിരന്തരം ഇടപഴകുകയും ബഹ് റൈനിലെ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുന്നിട്ടിറങ്ങുകയും ചെയ്തതായി ഐ.സി.ആർ.എഫ് ചെയർമാൻ പറഞ്ഞു. . ചടങ്ങിൽ വിവിധ പ്രവാസി സംഘടനകൾ അംബാസഡറെ ആദരിക്കുകയും അനുമോദനങ്ങൾ നേരുകയും ചെയ്തു.