മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് ബഹ്‌റൈനിൽ സമാപനം; ചരിത്രമെഴുതി 13 സ്വർണവുമായി ഇന്ത്യ ആറാം സ്ഥാനത്ത്
63 സ്വർണവുമായി ചൈനയാണ് മെഡൽ പട്ടികയിൽ ഒന്നാമത്
മനാമ: ഒമ്പത് ദിവസം നീണ്ടുനിന്ന കൗമാര താരങ്ങളുടെ ഏഷ്യൻ ഗെയിംസിന് ഇന്നലെ ബഹ്റൈനിലെ ഖലീഫ സ്പോർട്സ് സിറ്റിയിൽ തിരശ്ശീല വീണു. 23 വേദികളിലായി 45 രാജ്യങ്ങളിൽ നിന്ന് 8000ത്തിലധികം അത്‍ലറ്റുകളാണ് മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ ഭാഗമായത്.
പതിവ് തെറ്റിക്കാതെ ഗെയിംസിൽ ചൈന ആധിപത്യമുറപ്പിച്ചു. 63 സ്വർണവും 49 വെള്ളിയും 35 വെങ്കലവുമായി 147 മെഡലുകളോടെ ചൈന ഇത്തവണയും ഒന്നാമതെത്തി. 37 സ്വർണവുമായി ഉസ്ബക്കിസ്താനും 24 സ്വർണവുമായി കസാക്കിസ്താനും ആണ് മൂന്നാമത്.
ഇന്ത്യയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ചുകൊണ്ടാണ് ഗെയിംസ് ഇത്തവണ കൊടിയിറങ്ങിയത്. 13 സ്വർണവും 18 വെള്ളിയും 17 വെങ്കലവുമായി 48 മെഡലുകളോടെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യക്ക് എക്കാലത്തേയും മികച്ച മെഡൽവേട്ട കൂടിയാണ് യൂത്ത് ഗെയിംസിൽ നടത്താനായത്.
കബഡിയിലെ ഇരട്ട സ്വർണ നേട്ടത്തോടെ തുടങ്ങിയ ഇന്ത്യ, ബോക്സിങ്ങിൽ നാല് സ്വർണവും റെസ്‍ലിങ്ങിലും ബീച്ച് റെസ്‍ലിങ്ങിലും മൂന്ന് വീതം സ്വർണവും വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഒരു സ്വർണവും നേടി.
സമാപനച്ചടങ്ങിനിടെ ഏഷ്യൻ യൂത്ത് ഗെയിംസിന്റെ നാലാം പതിപ്പിന്റെ വേദി പ്രഖ്യാപിച്ചു. 2029-ൽ നടക്കാനിരിക്കുന്ന നാലാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് ഉസ്‌ബെക്കിസ്ഥാനിലെ താഷ്കെന്റ് ആതിഥേയത്വം വഹിക്കും.