സോഷ്യൽ മീഡിയയിൽ പരസ്യം നൽകി അനധികൃത സി.പി.ആർ നിർമാണം; മൂന്ന് ഇന്ത്യക്കാർക്ക് തടവ്

Update: 2023-08-21 17:33 GMT
Advertising

രേഖകളോ വിലാസമോ ഇല്ലാത്തവർക്ക് സി.പി.ആർ ഉൾപ്പെടെയുള്ള രേഖകൾ പുതുക്കി നൽകുമെന്ന് ടിക് ടോക്കിലൂടെ പരസ്യം നൽകുകയും വ്യാജരേഖകൾ നിർമിച്ചുനൽകുകയും ചെയ്ത മൂന്ന് ഇന്ത്യക്കാർക്ക് തടവുശിക്ഷ. 36 വയസ്സുള്ള രണ്ട് പുരുഷന്മാരെയും 23 കാരിയായ ഒരു സ്ത്രീയെയുമാണ് ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം വീതം തടവിന് ശിക്ഷിച്ചത്.

ശിക്ഷ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്തണമെന്നും ഉത്തരവിലുണ്ട്. വ്യാജ കരാറുകൾ ഉണ്ടാക്കുക, ഔദ്യോഗിക ഡേറ്റാബേസിൽ തെറ്റായ വിവരങ്ങൾ നൽകുക, 17 സി.പി.ആർ സ്മാർട്ട് കാർഡുകളിൽ നിയമവിരുദ്ധമായി വിലാസങ്ങൾ മാറ്റുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രവാസികളെ ലക്ഷ്യംവെച്ചാണ് ഇവർ പരസ്യം നൽകിയിരുന്നത്. ഇരകളെ ആകർഷിക്കാനായി വാട്സ്ആപ്പും ഉപയോഗിച്ചു. സി.പി.ആർ പുതുക്കൽ സേവനങ്ങൾ നൽകും എന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. മതിയായ വിലാസമില്ലാത്തവർക്ക് സി.പി.ആർ കാർഡ് പുതുക്കി നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന ടിക് ടോക്ക് വിഡിയോ അധികാരികളുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഇവർ പിടിയിലായത്.

സർക്കാർ ഡേറ്റാബേസിൽ ഉള്ള വിലാസത്തിൽനിന്ന് വ്യത്യസ്തമായ വിലാസമാണ് ഇവർ പുതുക്കി നൽകിയ സി.പി.ആറുകളിൽ ഉപയോഗിച്ചത്. രണ്ടു പുരുഷൻമാർ ചേർന്നാണ് തട്ടിപ്പിന് ആസൂത്രണം നടത്തിയത്. മറ്റൊരു ക്ലിയറൻസ് ഓഫിസിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ സഹകരണം അതിനായി ഇവർ തേടുകയായിരുന്നു.

തന്റെ സമ്മതമില്ലാതെ തന്റെ വിലാസവും ഒപ്പും വ്യാജരേഖകളിൽ ഉപയോഗിച്ചതായി ഒരു ഇന്ത്യക്കാരൻ വിചാരണവേളയിൽ കോടതിയിൽ മൊഴി നൽകി. സി.പി.ആറിലെ വിവരങ്ങൾ പരിഷ്‌ക്കരിക്കുമെന്ന ടിക്‌ ടോക്ക് പരസ്യം കണ്ടതിന് ശേഷം പ്രതികളെ താൻ സമീപിച്ചെന്നും 25 ദീനാർ ഫീസായി ഈടാക്കിയെന്നും മറ്റൊരു സാക്ഷി മൊഴിനൽകി. ടിക്‌ ടോക്കിൽ പരസ്യംകണ്ടതിനുശേഷം മൂവരുടെയും സേവനം ഉപയോഗിച്ചതായി നാല് പ്രവാസികളും കോടതിയിൽ പറഞ്ഞു.  

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News