കരുതൽ ഭക്ഷ്യശേഖര ലംഘന കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ

Update: 2023-11-14 20:24 GMT
Advertising

ബഹ്റൈനിലെ ഭക്ഷ്യ കരുതൽശേഖരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷകൾ ഏർപ്പെടുത്താൻ ശൂറ കൗൺസിൽ ശിപാർശ. കുറ്റവാളികൾക്ക് ഒരുവർഷത്തിൽ കുറയാതെ തടവും 10,000 ദീനാർ വരെ പിഴയും നൽകണമെന്ന് രണ്ടാം വൈസ് ചെയർമാൻ ഡോ. ജിഹാദ് അൽ ഫദേലിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങൾ ശൂറ കൗൺസിൽ പ്രതിവാര സെഷനിൽ നിർദേശിച്ചു. 

പബ്ലിക് യൂട്ടിലിറ്റി, പരിസ്ഥിതികാര്യ സമിതികളുടെ അംഗീകാരത്തിനുശേഷമായിരിക്കും ഇത് നടപ്പാക്കപ്പെടുക. അനുചിതമായ സംഭരണം, സ്റ്റോക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുക, നടപടിക്രമങ്ങൾ പാലിക്കാതിരിക്കുക എന്നിവക്കുള്ള ശിക്ഷ ഒരുവർഷം വരെ തടവും 5000 ബിഡിയിൽ കൂടാത്ത പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ആയിരിക്കും. 

വ്യവസ്ഥിതിയെ വഞ്ചിക്കുക, വ്യാജവിവരങ്ങൾ നൽകുക, ഉൽപാദനം നിർത്തിവെക്കുക, അനുമതിയില്ലാതെ ഇറക്കുമതിയോ കയറ്റുമതിയോ നടത്തുക എന്നിവക്ക് ഒരുവർഷത്തിൽ കുറയാത്ത തടവോ 1000 ദീനാറിനും 10,000 ദീനാറിനും ഇടയിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ നൽകും. 

പുതിയ നിയമനിർമാണത്തിന് കീഴിൽ, അവശ്യംവേണ്ട ഭക്ഷ്യവിഭവങ്ങളുടെ സ്റ്റോക്കിന്റെ ശതമാനം സംബന്ധിച്ച് കൃത്യമായ നിർദേശമുണ്ടായിരിക്കും. വ്യവസായ-വാണിജ്യ മന്ത്രാലയം, ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച്, ഡാറ്റാബേസ് തയാറാക്കുകയും ആവശ്യമായ ഇനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും വേണം. 

 അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനായി വേണ്ട കരുതൽശേഖരമാണ് സേഫ്റ്റി സ്റ്റോക്ക്. അടയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി കരുതൽശേഖരമുണ്ടായിരിക്കണം. എല്ലാ വിതരണക്കാരും ഒരാഴ്ചയ്ക്കുള്ളിൽ ലേബൽചെയ്ത ഇനങ്ങളുടെ വിശദാംശങ്ങൾ മന്ത്രാലയത്തെ അറിയിക്കാൻ ബാധ്യസ്ഥരായിരിക്കും. ലഭ്യമായ സ്റ്റോക്കുകൾ പരിശോധിക്കുന്നതിന് മന്ത്രാലയത്തിന് അധികാരം ഉണ്ടായിരിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News