അധിനിവേശത്തിന്റെ വേദനയായി ഈ 315 പേർ; മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും വിവരമില്ല
ഇറാഖിനോട് നടപടികൾ ആവശ്യപ്പെട്ട് കുവൈത്ത്
ഫയൽ ഫോട്ടോ
ന്യൂയോർക്ക്/ കുവൈത്ത് സിറ്റി: 1990ലെ ഇറാഖ് അധിനിവേശത്തിനിടെ കാണാതായ 315 കുവൈത്തി പൗരൻമാരെ കുറിച്ച് മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും വിവരമില്ല. ഉറ്റവരുടെ വിവരങ്ങൾക്കായി ബന്ധുക്കൾ ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്. ഇവരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് കുവൈത്ത് ഇറാഖിനോട് ആവശ്യപ്പെട്ടു. ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടത് മാനുഷികാവശ്യമാണ്. ഈ വിഷയത്തിൽ വാക്കുകൾക്കപ്പുറം വ്യക്തമായ നടപടികളും ഫലങ്ങളുമാണ് വേണ്ടതെന്നും കുവൈത്ത് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ രക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് യുദ്ധത്തടവുകാരുടെയും കാണാതായവരുടെയും കാര്യങ്ങൾക്കായുള്ള കുവൈത്ത് വിദേശകാര്യ അസിസ്റ്റന്‍റ് മന്ത്രി റബീഅ അൽ അദ്‌സാനി ഈ ആവശ്യം ഉന്നയിച്ചത്. പതിറ്റാണ്ടുകളായി നീളുന്ന വിഷയത്തിൽ വ്യക്തമായ പുരോഗതി വേണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. ഒക്ടോബർ ഒന്നിന് പുറത്തുവിട്ട യു.എൻ റിപ്പോർട്ട് പ്രകാരം വിഷയത്തിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. കാണാതായ 315 പേരിൽ 308 പേരും കുവൈത്തിന്‍റെ പട്ടികയിലുള്ളവരാണ്.
ഇറാഖ് അധിനിവേശം നടന്ന് 35 വർഷത്തിലേറെ പിന്നിട്ടിട്ടും മുൻ ഇറാഖി ഭരണകൂടത്തിന്‍റെ ഭാഗമായുള്ളതും തടവിലായതുമായ ഒമ്പത് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. ഇതിന് അനുമതി നൽകാമെന്ന് ഇറാഖ് നേരത്തേ ഉറപ്പുനൽകിയിരുന്നെങ്കിലും നടപടി പൂർത്തിയായിട്ടില്ല. അധിനിവേശകാലത്ത് കുവൈത്തിൽ ഇറാഖി ഡയറക്ടറായി പ്രവർത്തിച്ചിരുന്ന മുൻ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനുള്ള സാധ്യതയും ഇല്ലാതായി. 2026 ഫെബ്രുവരിയിൽ ഇയാളെ വധിച്ചിരുന്നു.കുവൈത്തിൽ നിന്ന് കാണാതായ 150 മുതൽ 180 വരെ പേരുടെ അവശിഷ്ടങ്ങൾ ഖുമൈസിയയിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഖുമൈസിയയിലെ ചില സ്ഥലങ്ങളിൽ നടത്തിയ അന്വേഷണങ്ങളിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി കുവൈത്ത് ചൂണ്ടിക്കാട്ടി.ഇറാഖി സാക്ഷികൾ മൊഴിയും സ്ഥലത്തിന്‍റെ വിവരങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ തുടർനടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. സ്ഥലപരിശോധനകളും സാക്ഷികളെ ചോദ്യം ചെയ്യലും നീണ്ടുപോകുകയാണ്. ഇത് ഒഴിവാക്കാനും എത്രയും വേഗം പരിശോധനക്ക് അവസരം വേണമെന്നും കുവൈത്ത് ഇറാഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്തിന്‍റെ ദേശീയ രേഖകൾ ഉൾപ്പെടെ സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിനും വ്യക്തമായ സമയക്രമം തയ്യാറാക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. അമേരിക്ക ഇറാഖിന് തിരിച്ചുനൽകിയ ഡിജിറ്റൽ ആർക്കൈവുകൾ നിർമിതബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്യുന്നത് കാണാതായ രേഖകളും മറ്റ് വസ്തുക്കളും കണ്ടെത്താൻ സഹായിക്കുമെന്ന് റബീഅ അൽ അദ്‌സാനി പറഞ്ഞു. ഇവ തിരിച്ചുപിടിക്കുന്നതിന്‍റെ പ്രധാന ഉത്തരവാദിത്തം ഇറാഖിനാണെന്നും അദ്ദേഹം വ്യക്തമാക്കി.