വസ്മിന്റെ രണ്ടാംഘട്ടത്തിലേക്ക് കുവൈത്ത്; ഒക്ടോബർ 29 മുതൽ തണുത്ത രാത്രികൾ
ഈ കാലയളവിൽ മഴക്കും പുലർച്ചെ ഈർപ്പമുള്ള കാറ്റിനും സാധ്യതയുണ്ട്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒക്ടോബർ 29 മുതൽ രാത്രികാലങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ. പരമ്പരാഗത 'വസ്മ്' സീസണിന്റെ രണ്ടാം ഘട്ടത്തിലേക്ക് രാജ്യം കടക്കുന്നതിന്റെ ഭാഗമാണിത്. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടം നവംബർ 10 വരെ തുടരും. ഈ കാലയളവിൽ രാത്രികാലങ്ങളിൽ തണുപ്പ് ക്രമേണ വർധിക്കുകയും പുലർച്ചെ ഈർപ്പമുള്ള കാറ്റ് വീശുകയും ചെയ്യും. കൂടാതെ രാത്രിയുടെ ദൈർഘ്യം കൂടുന്നതായും അനുഭവപ്പെടും.
വർഷത്തിൽ ഉച്ചനമസ്കാര സമയം ഏറ്റവും നേരത്തെയാകുന്നത് ഈ ഘട്ടത്തിലാണ്. അതിരാവിലെ വെള്ളത്തിന് തണുപ്പ് കൂടുന്നതും ഇതിന്റെ സവിശേഷതയാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ സമയത്ത് മഴയ്ക്കുള്ള സാധ്യതയും കൂടുതലാണ്. സൂര്യൻ നേരത്തെ അസ്തമിക്കുകയും രാത്രി നീളുകയും ചെയ്യുന്നതിനാൽ നമസ്കാര സമയങ്ങളിൽ മാറ്റമുണ്ടാകുമെന്നും, പുതിയ സമയക്രമം പിന്തുടരണമെന്നും അൽ ഉജൈരി സയന്റിഫിക് സെന്റർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.