മുബാറക് അൽ കബീറിൽ സുരക്ഷാപരിശോധന: അറസ്റ്റ് ചെയ്തത് 46 പേരെ
61 ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി
കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റിലെ സബാഹ് അൽ സാലിമിൽ അധികൃതർ സുരക്ഷാ പരിശോധന നടത്തി. വിവിധ നിയമലംഘനങ്ങളുടെ പേരിൽ 46 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 22 പേർ പിടികിട്ടാപ്പുള്ളികൾ ആണ്. താമസനിയമം ലംഘിച്ച 21 പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത രണ്ടുപേരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ഒരാളെയും പിടികൂടി. സുരക്ഷാ, ഗതാഗത, നിയന്ത്രണ വിഭാഗങ്ങളിലായി ആകെ 212 നടപടികളാണ് സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകർ, പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവരെ കണ്ടെത്താനും പിടികൂടാനുമാണ് വിവിധ വകുപ്പുകളുമായി ചേർന്ന് പരിശോധന നടത്തിയത്.61 ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി. 39 സ്ഥലങ്ങളിൽ സ്ഥിരം സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഉപേക്ഷിക്കപ്പെട്ട ഒമ്പത് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയം 44 നിയമലംഘനങ്ങളാണ് കണ്ടെത്തി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഏഴ് നിയമലംഘനങ്ങളും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആറ് നിയമലംഘനങ്ങളും കണ്ടെത്തി.